ബംഗളൂരു: കര്‍ണ്ണാടകയിലെ അയോഗ്യരാക്കപ്പെട്ട 17 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന സൂചനകള്‍ ശരിവെച്ച് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ.അടുത്ത ദിവസം ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും യെദ്യൂരപ്പ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ അയോഗ്യരായവര്‍ ബിജെപി സ്ഥാനാര്ത്ഥികളാകുമെന്നതിനും ഏകദേശ ധാരണയായിട്ടുണ്ട്. ബിജെപിയില്‍ നിന്ന് ക്ഷണം ലഭിച്ചുവെന്ന് വിമതരുടെ നേതാവായ എച്ച്.വിശ്വനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പതിനേഴ് എംഎല്‍എമാരും സ്പീക്കറുടെ അയോഗ്യതയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള വിലക്ക് മാത്രമാണ് നീക്കിക്കിട്ടിയിരുന്നത്. അയോഗ്യത തുടരുമെന്ന് സുപ്രീംകോടതി വിധിച്ചതോടെ ഇവരുടെ എംഎല്‍എ പദവി നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മത്സരിക്കാനുള്ള വിലക്ക് നീക്കിയതിനാല്‍ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ കഴിയുമെന്നതാണ് വിമതര്‍ക്ക് ആശ്വാസമേകുന്നത്.