ഡല്‍ഹി: ഡല്‍ഹിയിലെയും അയല്‍ സംസ്ഥാനങ്ങളിലെയും വായുവിന്റെ ഗുണനിലവാരം മോശമായി തുടരുന്നതിനാല്‍ ഹൈഡ്രജന്‍ അധിഷ്ഠിത ജാപ്പനീസ് സാങ്കേതിക വിദ്യ നടപ്പാക്കാനുള്ള സാധ്യതകള്‍ വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഡിസംബര്‍ 3ന് മുന്‍പായി ഇക്കാര്യത്തില്‍ വിശദ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
ജപ്പാനിലെ ഒരു സര്‍വകലാശാല നടത്തിയ പഠനത്തില്‍ അന്തരീക്ഷ മലിനീകരണം കുറക്കാന്‍ ഹൈഡ്രജന്‍ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗത്തെപ്പറ്റി കണ്ടെത്തിയിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഡല്‍ഹിയിലും അയല്‍ സംസ്ഥാനങ്ങളിലും ജാപ്പനീസ് സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് പഠനം നടത്താമെന്നും തുഷാര്‍ മേത്ത ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, സിജെഐ നിയുക്ത എസ്എ ബോബ്ഡെ എന്നിവരടങ്ങിയ ബെഞ്ചിനു മുന്‍പാകെ അറിയിച്ചിരുന്നു.
ഡല്‍ഹിയില്‍ വായുവിന്റെ മലിനീകരണ തോത് ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത് നോയിഡില്‍ ആണ്. 572 ആണ് നോയിഡയില്‍ രേഖപ്പെടുത്തിയ വായു നില. ധിര്പൂരില് 487 ഉം ലോധിയില് 406 ഉം ഗുരുഗ്രാമില്‍ 511 ഉം ചാന്ദ്നി ചൗക്കില്‍ 393 ഉം ആണ് വായുനില. അതേസമയം വ്യാഴാഴ്ചയോടെ വായു മലിനീകരണ തോത് കുറയുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.