ന്യൂഡല്‍ഹി: ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങളുടെ ത്രിമാന ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ 2 വിന്റെ പേലോഡ് പകര്‍ത്തിയ ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്നത്. ചന്ദ്രയാന്‍ 2 വിന്റെ പേലോഡ് ചന്ദ്രനെ പരിക്രമണം ചെയ്യുന്നതായും ചന്ദ്രോപരിതലത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഐഎസ്ആര്‍ഒ അധികൃതര്‍ അറിയിച്ചു.
ചന്ദ്രയാനില്‍ ഘടിപ്പിച്ചിട്ടുള്ള ടെറൈന്‍ മാപ്പിംഗ് ക്യാമറ 2 ആണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ചന്ദ്രാപരിതലത്തിന്റെ അഞ്ച് മീറ്റര്‍ സ്പേഷ്യല്‍ റെസല്യൂഷനിലുള്ള ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ട്വിറ്ററില്‍ കുറിച്ചു.
ചന്ദ്രോപരിതലത്തിലെ ഗര്‍ത്തങ്ങള്‍, അഗ്നിപര്‍വ്വതങ്ങള്‍, അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ മൂലമുണ്ടായ വരമ്പുകള്‍ തുടങ്ങിയവയുടെ ദൃശ്യങ്ങളാണ് ചന്ദ്രയാന്‍ 2 പുറത്തുവിട്ടിരിക്കുന്നത്. ഇവയുടെ എല്ലാം അളവുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രോപരിതലത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒക്ടോബര്‍ 30 നാണ് ഐഎസ്ആര്‍ഒ അവസാനമായി പുറത്തുവിട്ടത്.