ന്യൂഡല്‍ഹി:ശബരിമല യുവതീ പ്രവേശന വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിട്ടുകൊണ്ട് ഉത്തരവിട്ടത്. അഞ്ചംഗ ബെഞ്ചില്‍ മൂന്നംഗങ്ങളാണ് ഹര്‍ജി ഏഴംഗ ബെഞ്ചിന് വിടാന്‍ അനുകൂല തീരുമാനമെടുത്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര എന്നിവരുടെ നിലപാട് ആണ് ഹര്‍ജികളില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ ജസ്റ്റിസ് റോഹിംഗന്‍ നരിമാനും, ഡി.വൈ ചന്ദ്രചൂഡും പുനപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന് വിടുന്നതിനെ എതിര്‍ക്കുകയും ചെയ്തു.
അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജികള്‍ ഇനി വിശാല ബഞ്ച് പരിഗണിക്കുക. ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനവും സമാനമായ എല്ലാ ഹര്‍ജികളും വിശാല ബഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.
ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് സുപ്രീംകോടതി വിധി പറഞ്ഞത് 2018 സെപ്തംബര്‍ 28 നായിരുന്നു. ഇതിന് ശേഷം വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 56 പുനപരിശോധന ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലെത്തിയത്. വിധിയില്‍ പുനപരിശോധന ആവശ്യമുണ്ടോ എന്ന കാര്യത്തിലാണ് സുപ്രീംകോടതിയില്‍ നിന്ന് തീര്‍പ്പ് പ്രതീക്ഷിക്കുന്നത്. ഹര്‍ജികളില്‍ ഫെബ്രുവരി ആറിന് കോടതി വാദം കേട്ടിരുന്നു.