മുംബൈ: എന്‍ഡിഎ വിട്ട് എന്‍സിപിയുമായി സഖ്യം ചേരാനുള്ള ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത വിയോജിപ്പ്. രാഷ്ട്രീയ പ്രതിസന്ധി കണക്കിലെടുത്ത് മധ് ദ്വീപിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന ശിവസേന എംഎല്‍എമാര്‍ അവരവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചു പോയതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്‍സിപിയുമായുള്ള സഖ്യ സാധ്യതകള്‍ സജീവമായിരിക്കെ ശിവസേനക്കുള്ളില്‍ അതൃപ്തി പുകയുന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി പദമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം ഒരു കുടുംബത്തിന് മാത്രമാണ് പ്രയോജനം ചെയ്യുകയെന്നും എന്നാല്‍ പാര്‍ട്ടിക്ക് മൊത്തത്തിലാണ് ചീത്തപ്പേര് ഉണ്ടാകുന്നതെന്നും എംഎല്‍എമാര്‍ നിലപാട് എടുത്തു.
എന്‍സിപിയുമായി സഖ്യം രൂപീകരിക്കുന്നത് ശിവസേനക്ക് ഗുണകരമല്ല. ശിവസേനക്ക് പ്രാതിനിധ്യമുള്ള മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയില്ലെന്നും എന്‍സിപി അദ്ധ്യക്ഷന്‍ ശരത് പവാര്‍ ഇതിന് അനുവദിക്കില്ലെന്നും എംഎല്‍എമാര്‍ മുന്നറിയിപ്പ് നല്കി. അടുത്തിടെ നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ ശിവസേനയുടെ മുഖ്യ എതിരാളികളായ എന്‍സിപിയുമായി സഖ്യമുണ്ടാക്കുന്നത് തങ്ങളെ വിജയിപ്പിച്ച വോട്ടര്‍മാരോട് ചെയ്യുന്ന വിശ്വാസ വഞ്ചനയാണെന്നും ശിവസേന എംഎല്‍എമാര്‍ വ്യക്തമാക്കി.