ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നടത്തിയ രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ്. റാഫേല്‍ ഇടപാട് സംബന്ധിച്ച് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും വ്യാജ പ്രചാരണങ്ങള്‍ നടത്തുകയായിരുന്നു. സുപ്രീം കോടതിയില്‍ മാത്രമല്ല രാജ്യത്തെ ജനങ്ങളോടും രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
റാഫേല്‍ ഇടപാടില്‍ അഴിമതി ഇല്ലെന്ന് വ്യക്തമാക്കികൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ നല്കിയ പുനപരിശോധന ഹര്‍ജികള്‍ കോടതി തള്ളുകയും, വിഷയത്തില്‍ രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന ആവശ്യവുമായി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധി ഇന്ന് നിങ്ങള്‍ സുപ്രീം കോടതിയില്‍ മപ്പു പറഞ്ഞത് സ്വയ രക്ഷയ്ക്കായാണ്. നിങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുമോ എന്ന് രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
റാഫേല്‍ കേസില്‍ പുനപരിശോധന ഹര്‍ജികള്‍ തള്ളിയതിന് പിന്നാലെ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പു പറയണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.