ന്യൂഡല്‍ഹി: റാഫേല്‍ ഇടപാട് ചേദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതിനു പിന്നാലെ കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പു പറയണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. റഫേല്‍ ഇടപാടില്‍ കോടതി മേല്‍ നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി തള്ളിയത്. കാവല്ക്കാരന് കള്ളനാണെന്ന രാഹുലിന്റെ പരാമര്‍ശത്തിന് സുപ്രീം കോടതി താക്കീതും നല്കി.
കോടതി വിധി നരേന്ദ്ര മോദി സര്‍ക്കാരിനുള്ള ക്ലീന്‍ ചിറ്റാണ്. കേന്ദ്രസര്‍ക്കാരിന്റെ സുതാര്യതയാണ് ഇതിലൂടെ വ്യക്തമായത്. അടിയന്തരമായി ഇന്ത്യയുടെ പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രാഷ്ട്രീയവത്കരിക്കരുതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കോണ്‍ഗ്രസിനെതിര രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരമാര്‍ശങ്ങള്‍ നടത്തിയതിന് രാഹുല്‍ ഗാന്ധിയും മാപ്പ് പറയണമെന്നും റാഫേലിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ അനാവശ്യ പ്രതികരണങ്ങള്‍ നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും രാജ്നാഥ് സിംഗ് പ്രതികരിച്ചു.