ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ചു.
സെന്‍ട്രന്‍ ക്രൈം ബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടത്തുക. ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയര്‍ന്ന എല്ലാ ആരോപണങ്ങളും പരിശോധിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.
ഫാത്തിമയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ രണ്ട് അധ്യാപകരെ പോലീസ് ചോദ്യം ചെയ്തു. ആത്മഹത്യയില്‍ ആരോപണം നേരിടുന്ന മദ്രാസ് ഐഐടിയിലെ അധ്യാപകന് സുദര്ശന് പത്മനാഭനെതിരെ സഹപാഠികളാരും മൊഴി നല്‍കിയിട്ടില്ലെന്നും ചെന്നൈ പോലീസ് വ്യക്തമാക്കി.
ഫാത്തിമയുടെ ആത്മഹത്യയില്‍ കുടുംബം ചെന്നൈയിലെത്തി തമിഴ്നാട് മുഖ്യമന്ത്രിയെയും ഡിജിപിയേയും കണ്ട് പരാതി നല്‍കിയിരുന്നു. ഫാത്തിമയുടെ മൊബൈല്‍ ഫോണില്‍ നിന്ന് അധ്യാപകരായ സുദര്ശന് പത്മനാഭന്, ഹേമചന്ദ്രന്, മിലിന്ദ് എന്നിവരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു.