തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പഴയ വിധി നിലനിൽക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമലയിൽ സന്ദർശനത്തിനായി യുവതികൾ എത്തിയാൽ എന്ത് ചെയ്യുമെന്ന് പരിശോധിച്ച് പറയാമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സുപ്രീംകോടതി വിധി സംബന്ധിച്ച് കുറെ കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. വിധിയിൽ രണ്ട് പേർ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കോടതി വിധി എന്തായാലും അംഗീകരിക്കുക എന്നതാണ് സർക്കാരിന്റെ നിലപാട്. ലിംഗ സമത്വം സംബന്ധിച്ച പ്രശ്നവും നിലനിൽക്കുന്നുണ്ട്.
സർക്കാരിനെ സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ട്. വിധി എന്തുതന്നെയായാലും നടപ്പാക്കുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.