ന്യൂഡല്‍ഹി: ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറിയ വിമാനം പുല്‍മേട്ടിലൂടെ പറന്നുയര്‍ന്ന സംഭവത്തില്‍ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. 180 യാത്രക്കാരുമായി നാഗ്പൂരില്‍ നിന്ന് ബംഗളൂരുവിലേക്ക് വന്ന ഗോഎയര്‍ വിമാനമാണ് വന്‍ ദുരന്തത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തില്‍ വിമാനത്തിലെ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
ലാന്‍ഡിങ്ങിനിടെ ഗോ എയര്‍ വിമാനം റണ്‍വെയില്‍ നിന്ന് സമീപത്തെ പുല്‍മേട്ടിലേക്ക് തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് വിമാനത്തിന്റെ വേഗത വര്‍ധിപ്പിച്ച് പുല്മേട്ടില് നിന്ന് വീണ്ടും പറന്നുയര്‍ന്നു. പിന്നീട് വിമാനം ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.
സംഭവത്തില്‍ പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു. ജീവനക്കാരോട് സിവില്‍ ഏവിയേഷന്‍ റെഗുലേറ്ററി ബോഡിക്ക് മുന്നില്‍ ഹാജരാക്കാന്‍ ഡിജിസിഎ നിര്‍ദേശം നല്കി. വിമാനം എയര്‍സ്ട്രിപ്പിന് പുറത്ത് ലാന്‍ഡ് ചെയ്തത് പൈലറ്റിന്റെ ഭാഗത്തുള്ള വീഴ്ച മൂലമാണോ മോശം കാലാവസ്ഥാ കൊണ്ടാണോ എന്ന കാര്യത്തില്‍ വ്യക്തതത വന്നിട്ടില്ല.