ന്യൂഡല്‍ഹി : അയോദ്ധ്യ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചീഫ് ജസ്റ്റിസിന് കത്തയച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. ചീഫ് ജസ്റ്റിസിന് അയച്ചതെന്ന തരത്തില്‍ ബംഗ്ലാദേശിലെ മാദ്ധ്യമം പ്രചരിപ്പിക്കുന്ന കത്ത് വ്യാജമാണ്. ഇത് അയല്‍ രാജ്യങ്ങളിലുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും ഇന്ത്യയും മറ്റ് രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തെ തകര്‍ക്കാനുമുള്ള ശ്രമമാണെന്നും രവീഷ് കുമാര്‍ പറഞ്ഞു.
ബംഗ്ലാദേശിലെ ഒരു പ്രാദേശിക മാദ്ധ്യമമാണ് പ്രധാനമന്ത്രി ചീഫ് ജസ്റ്റിസിന് അയച്ചതെന്ന തരത്തില്‍ വ്യാജ കത്ത് പ്രചരിപ്പിക്കുന്നത്. ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്ക് അനുകൂലമായ വിധിയാണ് സുപ്രീം കോടതിയുടേത്. അയോദ്ധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കാന്‍ ഉത്തരവിട്ട ചീഫ് ജസ്റ്റിസിന് അഭിനന്ദനങ്ങള്‍ എന്ന സന്ദേശം അടങ്ങിയ വ്യാജ കത്താണ് പ്രചരിക്കുന്നത്.
പൊതുമധ്യത്തില്‍ ഇന്ത്യയെ കരിവാരിത്തേക്കുക എന്നതാണ് കത്തിന് പിന്നിലെ ലക്ഷ്യം. ബംഗ്ലാദേശിലെ ആളുകളെ തെറ്റിദ്ധരിപ്പിച്ച് സാമൂഹിക ഐക്യം തകര്‍ക്കാനാണ് കത്ത് പ്രചരിപ്പിക്കുന്നവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള സൗഹൃദം തകര്‍ക്കാനായി നടത്തുന്ന ഇത്തരം പ്രവര്‍ത്തികളെ ശക്തമായി അപലപിക്കുന്നു എന്നും രവീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
വ്യാജ കത്ത് നിര്‍മ്മിച്ച് ബംഗ്ലാദേശിലെ പ്രദേശിക മാദ്ധ്യമത്തിന് നല്‍കിയത്് ആരാണെന്ന് വ്യക്തമല്ല. കത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ പരിശോധന നടത്തിവരുകയാണെന്നും രവീഷ് കുമാര്‍ വ്യക്തമാക്കി.