ന്യൂഡല്‍ഹി: റഫേല്‍ ഇടപാടിലെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ. റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തിയതായും ഇത് സൈനിക മേഖലക്ക് ഊര്‍ജ്ജം പകര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.
റഫേല്‍ ഇടപാടിനെ സംബന്ധിച്ച് വ്യക്തതയുള്ളതിനാലാണ് വ്യോമസേന കേന്ദ്രസര്‍ക്കാരിനൊപ്പം നിന്നത്. എന്നാല്‍ രാഷ്ട്രീയം കളിക്കുകയാണെന്ന തരത്തിലുള്ള ആരോപണങ്ങള്‍ വരെ വ്യോമസേനക്ക് നേരിടേണ്ടി വന്നിരുന്നു. യുദ്ധവിമാനങ്ങള്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണെന്ന വസ്തുത എല്ലാവരും മനസിലാക്കണം. നേരത്തെ പ്രസ്താവിച്ച വിധിയില്‍ തന്നെ സുപ്രീം കോടതി ഉറച്ചു നിന്നതില്‍ സന്തോഷമുണ്ടെന്ന് ധനോവ പറഞ്ഞു.
2016 സെപ്റ്റംബറിലാണ് ഇന്ത്യ-ഫ്രാന്‍സ് സര്‍ക്കാരുകള്‍ റഫേല്‍ യുദ്ധവിമാന കരാറില്‍ ഒപ്പുവെച്ചത്. 36 വിമാനങ്ങളുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. വ്യോമസേന ദിനമായ ഒക്ടോബര്‍ 8ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് റാഫേല്‍ സ്വീകരിച്ചിരുന്നു. 2020 മെയില്‍ ആദ്യ ബാച്ച് റഫേല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തും.