കോഴിക്കോട്: കോഴിക്കോട് മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചതിന്റെ പേരില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലിനെ ഒരു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. വ്യാഴാഴ്ച പനിയായതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കാതിരുന്ന താഹയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കുകയായിരുന്നു.
യുഎപിഎ കേസിലെ മറ്റൊരു പ്രതിയായ അലന് ഷുഹൈബിനെ ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. താഹയ്ക്ക് ഇന്നലെ പനിയും മറ്റ് ശാരീരിക അസ്വസ്ഥകളും ഉള്ളതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ കാരണത്താല്‍ ഇന്നലെ താഹയെ അലന് ശുഹൈബിനൊപ്പം കോടതിയില്‍ ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല.
അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും വിശദമായി ചോദ്യം ചെയ്യാനും അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം. എന്നാല്‍ ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പ്രതിഭാഗത്തിന്റെ വാദം തള്ളിക്കൊണ്ട് താഹയെ കൂടി പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു.