ന്യൂഡല്‍ഹി : റഫേല്‍ ഇടപാടിനെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തിയവര്‍ക്കുള്ള മറുപടിയാണ് സുപ്രീം കോടതിയുടെ വിധി എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. റഫേല്‍ ഇടപാടിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും നിരവധി ആരോപണങ്ങള്‍ ആണ് ഉയര്‍ത്തിയിരുന്നത്. സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണ് പുനപരിശോധന ഹര്‍ജികള്‍ തള്ളിയതിലൂടെ സുപ്രീം കോടതി നല്‍കിയതെന്നും അമിത് ഷാ വ്യക്തമാക്കി.
രാജ്യം ഭരിക്കുന്നത് അഴിമതിരഹിത സര്‍ക്കാര്‍ ആണെന്നാണ് കോടതി വിധി തെളിയിക്കുന്നത്. ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ സുതാര്യമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ രാഹുല്‍ ഗാന്ധിയേയും അമിത് ഷാ കടന്നാക്രമിച്ചു. ദേശതാത്പര്യങ്ങള്‍ക്ക് മുകളിലാണ് രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയം. റഫേല്‍ ഇടപാട് സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ അദ്ദേഹം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.
റഫേല്‍ ഇടപാടില്‍ അഴിമതി ഉണ്ടെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയുടെ നടപടി. പുനപരിശോധന ഹര്‍ജികള്‍ കോടതി തള്ളിയതോടെ പ്രതിരോധത്തിലായിരിക്കുകയാണ് കോണ്‍ഗ്രസ്.