കോഴിക്കോട് : പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത സിപിഎം പ്രവര്‍ത്തകരായ അലന് ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. കേസില്‍ കേസ് ഡയറി ഹാജരാക്കാനും കോടതി അന്വേഷണ സംഘത്തോട് നിര്‍ദ്ദേശിച്ചു. നേരത്തെ ജാമ്യപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കുമെന്നാണ് വ്യക്തമാക്കിയിരുന്നത്.
കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികള്‍ ജാമ്യപേക്ഷയില് പറയുന്നത്. ജാമ്യത്തിനായി ഇരുവരും ജില്ലാ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് ജാമ്യത്തിനായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം താഹ ഫസലിനെ ഒരു ദിവസത്തേക്ക് കൂടി പോലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം അലന് ഷുഹൈബിനെ കസ്റ്റഡിയില്‍ വിട്ടിരുന്നു. എന്നാല്‍ പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നതിനാല്‍ താഹയെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വിട്ടിരുന്നില്ല. ആരോഗ്യസ്ഥിതി ഭേദപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് താഹയെ ഒരു ദിവസം കൂടി കസ്റ്റഡിയില്‍ വിട്ടത്.