ന്യൂഡല്‍ഹി: മലിനമായ നഗരങ്ങളുടെ പട്ടികയില്‍ ഡല്‍ഹി മുന്നിലെന്ന് സ്കൈമെറ്റ് റിപ്പോര്‍ട്ട്. എയര്‍ ക്വാളിറ്റി ഇന്റക്സ് 527 രേഖപ്പെടുത്തിയതോടെയാണ് ഏറ്റവും മലിനമായ നഗരമായി ഡല്‍ഹി തെരഞ്ഞെടുക്കപ്പെട്ടത്.
സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സിയായ സ്കൈമെറ്റ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ മലിന നഗരങ്ങളില്‍ ഒന്നാമതാണ് ഡല്‍ഹി. സ്കൈമെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ഡല്‍ഹിയില്‍ തന്നെ ഏറ്റവും മലിനമായത് ലോധി റോഡ്, ഫരീദാബാദ്, മോതിനഗര്, പശ്ചിംവിഹാര്‍ എന്നിവിടങ്ങളാണ്. കൂടാതെ ഐക്യു എയര്‍ വിഷ്വല്‍സിന്റെ കണക്കുകള്‍ പ്രകാരവും രാജ്യതലസ്ഥാനം തന്നെയാണ് അന്തരീക്ഷ മലിനീകരണത്തില്‍ ഒന്നാമത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്കൂളുകള്‍ക്ക് നവംബര്‍ 15 വരെ അവധി പ്രഖ്യാപിച്ചത് ഡല്‍ഹിയില്‍ മലിനീകരണം എത്ര മാത്രം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നതാണ്. ദീപാവലി ദിനം മുതല്‍ ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും അന്തരീക്ഷ വായു എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് പ്രകാരം അതി തീവ്രമാണ്.
മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഒരുമിച്ച് മലിനീകരണത്തിനുള്ള പ്രതിവിധി കാണണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
അതേസമയം മലിനീകരണ പട്ടികയില്‍ കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും മുംബൈ ഒമ്പതാം സ്ഥാനത്തുമാണ് എയര്‍ക്വാളിറ്റി ഇന്‍ഡക്സ് കൊല്‍ക്കത്തയില്‍ 161 ഉം, മുംബൈയില്‍ ഇത് 153 ഉം ആണ്.