സത്യമപ്രിയം

മാപ്പ് മക്കളേ, മാപ്പ്

സത്യമപ്രിയം - ജി കെ സുരേഷ് ബാബു

രണ്ടു കുഞ്ഞുങ്ങളാണ് കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ രണ്ട് സ്‌കൂളുകളിലായി കൊഴിഞ്ഞുവീണത്. വയനാട്ടിലെ ഷഹ്‌ല ഷെറിനും നൂറനാട്ടെ നവനീതും. രണ്ടു കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെ തോരാത്ത കണ്ണീരിനു മുന്‍പില്‍ പകച്ചിരിക്കുമ്പോഴും ഉള്ളിലുയരുന്ന ചോദ്യം നമ്മുടെ സ്‌കൂളുകളില്‍ സ്‌നേഹം അന്യമായി തുടങ്ങിയോ എന്നാണ്.

പട്ടിണിക്കാരായ കുഞ്ഞുങ്ങള്‍ക്ക് സ്വന്തം ചോറുപൊതി നല്‍കിയും ഫീസില്ലാത്തവര്‍ക്ക് ശമ്പളത്തില്‍ നിന്ന് ഫീസ് കൊടുത്തും പഠിപ്പിച്ച ഗുരുനാഥന്മാരെ നമുക്കറിയാം. കൊല്ലങ്കോട് രാജാ സ്‌കൂളില്‍ അദ്ധ്യാപകനായിരിക്കെ ജൂബയുടെ ഒരു പോക്കറ്റില്‍ പരിപ്പുവടയും മറ്റേ പോക്കറ്റില്‍ നിലക്കടലയുമായി പട്ടിണിക്കാരെ തേടിയിറങ്ങുന്ന കവി പി കുഞ്ഞിരാമന്‍ നായരുടെ ഓര്‍മ്മചിത്രം കവിയുടെ കാല്പാടുകളില്‍ കാണാം. എറണാകുളം മഹാരാജാസ് കോളേജില്‍ പഠിപ്പിക്കവേ നഗരത്തില്‍ നടക്കാനിറങ്ങിയ പ്രൊഫ. എസ് ഗുപ്തന്‍ നായര്‍ പൈപ്പില്‍ നിന്ന് അടുത്തുള്ള ഹോട്ടലിലേക്ക് കുടത്തില്‍ വെള്ളം നിറച്ച് കൊണ്ടുപോയിരുന്ന തന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയെ കണ്ടു. പിറ്റേദിവസം പഠിക്കാന്‍ വേണ്ടി വെള്ളം കോരാന്‍ പോകണ്ട എന്നുപറഞ്ഞ് ഫീസ് കൊടുത്ത ആ അദ്ധ്യാപകനെ തേടി പിന്നീട് മഹാരാജാസില്‍ അദ്ധ്യാപകനായ, പ്രതിഭാശാലിയായ ശിഷ്യന്‍ എത്തിയ കാര്യം ആത്മകഥയായ മനസാസ്മരാമിയില്‍ പറയുന്നുണ്ട്. ഭാരതീയ സംസ്‌കാരത്തിലും ഇതിഹാസങ്ങളിലും പാശ്ചാത്യ-ഗ്രീക്ക് സംസ്‌കാരങ്ങളിലും ഒക്കെ അഗാധ പാണ്ഡിത്യം നേടി സാഗരഗാംഭീര്യം ഉള്‍ക്കൊണ്ട പ്രൊഫ. തുറവൂര്‍ വിശ്വംഭരനായിരുന്നു ആ വിദ്യാര്‍ത്ഥി.

Loading...

അദ്ധ്യാപകരെ സ്വന്തം മാതാപിതാക്കളെ പോലെ സ്‌നേഹിക്കുകയും വിദ്യാര്‍ത്ഥികളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ കാണുകയും ചെയ്തിരുന്ന നമ്മുടെ പാരമ്പര്യം എവിടെയാണ് ഇല്ലാതായത്? പാമ്പുകടിയേറ്റ കുഞ്ഞിനെ സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്ന അദ്ധ്യാപകനും പാമ്പിന്‍ വിഷത്തിനുള്ള പ്രതിരോധമരുന്ന് നല്‍കാതിരുന്ന ഡോക്ടറും കുറ്റവാളികള്‍ തന്നെയാണ്. സ്വന്തം മകളായിരുന്നു ആ കുഞ്ഞെങ്കില്‍ അങ്ങനെ ചെയ്യുമായിരുന്നോ എന്ന കാര്യം അവര്‍ തന്നെ ചിന്തിക്കേതാണ്.

പക്ഷേ, ആ കുഞ്ഞ് മുസ്ലീം ആയതുകൊണ്ടാണ് സമയത്ത് ആശുപത്രിയില്‍ കൊണ്ടുപോകാതിരുന്നത് എന്ന ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികളുടെ ആരോപണം മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സംസ്‌കാരഹീനമാണ്. അല്ലെങ്കില്‍ തന്നെ അവര്‍ക്ക് എന്ത് സംസ്‌കാരം! ഓരോ പിഞ്ചു കുഞ്ഞിന്റെയും ദൈന്യതയാര്‍ന്ന കണ്ണില്‍ ഒരുകോടി ഈശ്വരവിലാപം കാണുന്ന കവി വി മധുസൂദനന്‍ നായരെ പോലുള്ള ഗുരുശ്രേഷ്ഠന്മാരുള്ള ഈ നാട്ടില്‍ ഒരു കുഞ്ഞിനെ മതത്തിന്റെ പേരില്‍ കാണുമെന്ന് വിവരമുള്ളവര്‍ ആരും കരുതില്ല. പ്രണയം പോലും മതത്തിന്റെ പേരില്‍ ഇതര മതസ്ഥരെ നശിപ്പിക്കാനുള്ള മാര്‍ഗ്ഗമായി കാണുന്ന വിശുദ്ധ പോരാളികള്‍ക്ക് ഇതല്ല, ഇതിനപ്പുറവും തോന്നും.

ഷഹ്‌ലയുടെ മായാത്ത പുഞ്ചിരി ഉറങ്ങാന്‍ കിടക്കുമ്പോള്‍ പോലും കണ്‍മുന്നില്‍ കാണുന്നതായിരുന്നു ഇന്നലത്തെ കേരളത്തിലെ ഓരോ രക്ഷാകര്‍ത്താവിന്റെയും രാത്രി. അത് മതത്തിന്റെയും ജാതിയുടെയും പേരിലല്ല, ആ കുഞ്ഞിനെ, അവളുടെ ദൈന്യതയെ, ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തെ, കണ്ണടഞ്ഞ് പോകാതെ സൂക്ഷിക്കാനുള്ള ആ പരിശ്രമത്തെ, ജീവനു വേണ്ടിയുള്ള അവളുടെ നെട്ടോട്ടത്തെ സ്വന്തം കുഞ്ഞുങ്ങളുടേതു പോലെ നെഞ്ചിലേറ്റിയതു കൊണ്ടാണ്. ഷഹ്‌ല ഓരോ കേരളീയന്റെയും മകളും കുഞ്ഞുപെങ്ങളും ചേച്ചിയും ഒക്കെയാണ്. അവളുടെ ജീവത്യാഗം നമ്മുടെ പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദയനീയ ചിത്രത്തിന്റെ സൂചനയാണ്.

ഇവിടെ നമ്മള്‍ കാണാതെ പോയ മറ്റു ചിലര്‍ കൂടിയുണ്ട്. ഈ സ്‌കൂളിന് പൊതുമരാമത്ത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍. ഇത്തരം പാമ്പില്‍ പുറ്റുകളും മാളങ്ങളും കണ്ടിട്ടും എങ്ങനെയാണ് ഈ സ്‌കൂളിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഇടതുപക്ഷം ഭരിക്കുന്ന മുനിസിപ്പാലിറ്റിയുടേത് ആയതുകൊണ്ട് കണ്ണും പൂട്ടി ഫിറ്റ്‌നസ് നല്‍കിയ ആ എഞ്ചിനീയറെയും ഈ നരഹത്യയ്ക്ക് പ്രതിചേര്‍ക്കണം. കഴിഞ്ഞില്ല. പഞ്ചീയത്തീരാജ് നഗരപാലികാ നിയമം അനുസരിച്ച് സ്‌കൂളുകളുടെ ഭരണച്ചുമതല നഗരസഭയ്ക്കും പഞ്ചായത്തുകള്‍ക്കും ആണ്. പഞ്ചായത്തിന്റെയും മുനിസിപ്പാലിറ്റിയുടെയും ഫണ്ടുകള്‍ കട്ട് തിന്നും മുടിച്ചും മുന്നേറുന്ന മുടിചൂടാമന്നരായ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഇത്തരം സ്‌കൂളുകളില്‍ പോകാറുണ്ട്. അവരുടെ മക്കളൊക്കെ ഈ സ്‌കൂളുകളിലാണോ പഠിക്കുന്നത്? മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതുപോലെ കേരളത്തില്‍ മാത്രമാണ് രണ്ട് വിദ്യാഭ്യാസ മന്ത്രിമാര്‍ ഉള്ളത്. പഴയ വര്‍ഗ്ഗീയവാദിയില്‍ നിന്ന് ഇടതുപക്ഷത്തേക്ക് കൂറുമാറി എത്തിയ കെ ടി ജലീല്‍ ഒരു യുവാവ് എന്ന നിലയില്‍ കുറച്ചുകൂടി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കും എന്നാണ് പ്രതീക്ഷിച്ചത്. ബ്ലാക്ക് ബോര്‍ഡ് പച്ചയാക്കി മാറ്റിയ മുസ്ലീം ലീഗിലെ അബ്ദുറബ്ബിനെയും വെട്ടുന്ന ഇസ്ലാംമത പ്രീണനമാണ് ജലീല്‍ നടത്തുന്നത്. മന്ത്രി പോയിട്ട്, എം എല്‍ എ ആകാനുള്ള നിലവാരം പോലും ജലീലിന് ഇല്ലെന്ന് ഇന്ന് ജനങ്ങള്‍ തിരച്ചറിയുന്നു.

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍, അഴിമതിയില്ലാത്ത പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ആരൊക്കെയോ ഊതി പെരുപ്പിച്ച ഒരു ബലൂണ്‍ മാത്രമാണെന്ന് ബോദ്ധ്യപ്പെട്ടു. ഇത്രയും വര്‍ഷം കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തിട്ടു പോലും വിദ്യാഭ്യാസ വകുപ്പലെ പ്രശ്‌നങ്ങളെ അറിയാനും പരിഹരിക്കാനും കഴിയാതെ പോയ വെറുമൊരു പാഴ് മാത്രമായി അദ്ദേഹം അധ:പതിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് തൃശ്ശൂരില്‍ നിന്നുതന്നെയുള്ള അദ്ദേഹത്തിന്റെ മുന്‍ഗാമിയായ പ്രൊഫ. ജോസഫ് മുശ്ശേരിയാണ്. 1957 ല്‍ മുശ്ശേരി വിഭാവന ചെയ്ത പരിഷ്‌കാരത്തിന്റെ കാതലല്ലാതെ മറ്റെന്തെങ്കിലും ചെയ്യാന്‍ ഇടതുപക്ഷത്തിന് ആയോ? ശമ്പളം കൊടുക്കുന്നത് സര്‍ക്കാരാണെങ്കില്‍ നിയമനത്തിന് ഉള്ള അധികാരവും സര്‍ക്കാരിന് തന്നെ വേണമെന്ന മുശ്ശേരിയുടെ നിലപാട് പ്രാര്‍ത്തികമാക്കാന്‍ പോലും കഴിയാത്ത ഇടതുപക്ഷം വെറും പാഴ്ജന്മമാണെന്ന് തിരിച്ചറിയുക. ജോസഫ് മുശ്ശേരിയുടെ ചെരുപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും കെ ടി ജലീലിനും സി രവീന്ദ്രനാഥിനും ഇല്ല.

സ്വന്തം കുഞ്ഞുങ്ങളെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അയക്കുകയും വോട്ടുബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മതപ്രീണനത്തിനു വേണ്ടി സര്‍ക്കാര്‍ സംവിധാനം ഉപയോഗിക്കുകയും ചെയ്യാത്ത ഒരു രാഷ്ട്രീയ നേതൃത്വം ഉണ്ടാകുമ്പോഴേ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകൂ. രാമരാജ്യം എന്ന ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്പത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പ് ഗ്രാമസഭകള്‍ക്കും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുമാണ്. ഇന്ന് ഉച്ചഭക്ഷണത്തിന്റെ ഫണ്ട് വെട്ടിക്കാനും കള്ളക്കണക്ക് എഴുതി കുഞ്ഞുങ്ങളുടെ പണം പുട്ടടിക്കാനും ശ്രമിക്കുന്നവരെ നിലയ്ക്കു നിര്‍ത്താന്‍ ഭരണസംവിധാനത്തിന് കഴിയണം. സ്‌കൂളുകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയുക്തമായ അദ്ധ്യാപക രക്ഷാകര്‍തൃ സമിതികള്‍ എന്താണ് ചെയ്യുന്നത്? പാടത്തെ നോക്കുകുത്തികളെ പോലെ കുനില്‍ക്കാനാണെങ്കില്‍ അവരെക്കൊണ്ട് എന്ത് പ്രയോജനം.

മാറണം, മാറിയേ തീരൂ നമ്മുടെ വിദ്യാഭ്യാസത്തിന്റെ അലകും പിടിയും. മൂല്യങ്ങള്‍, സംസ്‌കാരം, ദേശീയ ബോധം, പൗരധര്‍മ്മം ഒക്കെ തിരിച്ചുവരണം. പോരാ, ഓരോ അദ്ധ്യാപകന്റെയും ഹൃദയത്തില്‍ കനിവും സ്പര്‍ശനത്തില്‍ ആര്‍ദ്രതയും കണ്ണില്‍ സ്‌നേഹവും ഉണ്ടാകണം. സ്വന്തം കുഞ്ഞിനെപ്പോലെ സ്‌നേഹിക്കാനും കഴിയണം. ആ ഒരു പരിവര്‍ത്തനത്തിന് നമുക്ക് വിത്തിടാം.

205 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close