കോഴിക്കോട്: ബിന്ദു അമ്മിണി ആചാര ലംഘനത്തിനെത്തിയത് മന്ത്രി എ.കെ ബാലനുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഇന്നത്തെ സംഭവം സര്‍ക്കാര്‍ ഗൂഢാലോചനയാണ്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് സുരേന്ദ്രന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സര്‍ക്കാരിനേറ്റ കളങ്കം കഴുകി കളയാന്‍ മനപൂര്‍വ്വം നടത്തിയ നാടകം മാത്രമാണ് നിലവില്‍ ജനങ്ങള്‍ കണ്ടെതെന്ന് സുരേന്ദ്രന് സൂചിപ്പിച്ചു. ശബരിമലയിലേക്ക് സര്‍ക്കാര്‍ തന്നെ അവിശ്വാസികളെ കൊണ്ടു വരികയാണ്. അവിശ്വാസികളെ തിരിച്ചയക്കുന്നുവെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. തൃപ്തി ദേശായിയും സിപിഎം വനിതാ നേതാക്കളുമായി നല്ല ബന്ധമുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
കഴിഞ്ഞ ദിവസം മന്ത്രിയുമായി ബിന്ദു നടത്തിയ ചര്‍ച്ചയുടെ വസ്തുത വ്യക്തമാക്കണം. മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാത്ത സമയത്താണ് ബിന്ദു മന്ത്രിയെ കാണാന്‍ എത്തിയത്. ശബരിമലയില്‍ പോകേണ്ടവര്‍ എന്തിനാണ് പോലീസ് ആസ്ഥാനത്തേക്ക് പോയതെന്നും വ്യക്തമാക്കണമെന്ന് സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.