പത്തനംതിട്ട: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് പോലീസ്. 10-നും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ സന്നിധാനത്തേക്ക് കടത്തി വിടേണ്ടതില്ലെന്നാണ് നിലവില്‍ തീരുമാനം. ഇതിന്റെ ഭാഗമായി നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ പോലീസ് കര്‍ശന പരിശോധന നിര്‍ബന്ധമാക്കി.
ദര്‍ശനത്തിനെത്തുന്ന സ്ത്രീകളുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ രേഖകള്‍ പരിശോധിച്ചതിനു ശേഷം മാത്രമാണ് കടത്തി വിടുന്നതെന്ന് പോലീസ് വ്യക്തമാക്കി. യുവതി പ്രവേശന വിധിയിലെ പുനര്‍ പരിശോധന ഹര്‍ജികള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതേ തുടര്‍ന്ന് വിധി വരുന്നതുവരെ യുവതി പ്രവേശനം നടത്തേണ്ടതില്ലെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കുന്നത്.
ശബരിമലയിലേക്ക് എത്തുന്ന മുഴുവന്‍ വാഹനങ്ങളേയും കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കടത്തി വിടുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നും യുവതികളുമായെത്തുന്ന വാഹനങ്ങളെ നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ തടയുന്നുണ്ട്. പത്ത് വയസില്‍ കൂടുതല്‍ പ്രായമുള്ളവരെ പമ്പയില്‍ തടഞ്ഞുവെക്കുകയാണ്. സംഘത്തിലുള്ളവര്‍ തീര്‍ഥാടനം കഴിഞ്ഞെത്തുന്നതു വരെ പമ്പയില്‍ തങ്ങനാണ് പോലീസ് ഇവരോട് നിര്‍ദ്ദേശിക്കുന്നത്.