പനാജി: സ്കൂള്‍ കുട്ടികളിലെ നിര്‍ജ്ജലീകരണം തടയാന്‍ പുതിയ പദ്ധതിയുമായി ഗോവയിലെ വിദ്യാഭ്യാസ വകുപ്പ്. വെള്ളം കുടിക്കാനായി വിദ്യാര്‍ത്ഥികള്‍ക്ക് ഇടവേള നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് എല്ലാ സ്കൂളുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദിവസവും രണ്ട് നേരം വിദ്യാര്‍ത്ഥികള്‍ക്ക് വെള്ളം കുടിക്കുന്നതിനായി രണ്ട് മിനിറ്റ് നേരം ഇടവേളകള്‍ നല്‍കണമെന്നാണ് വിദ്യാഭ്യാസ ഡയറക്ടര്‍ ഷൈലേഷ് സിനായ് സിംഗ്ഡേ പുറപ്പെടുവിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെന്നും, നിര്‍ജ്ജലീകരണം കുട്ടികളില്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നടപടി.
പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള എല്ലാ എയ്ഡഡ്, അണ് എയ്ഡഡ് സ്കൂളുകളിലും പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്ന് സിംഗ്ഡേ പറഞ്ഞു. എല്ലാ ദിവസവും രണ്ടാമത്തെയും ആറാമത്തെയും പിരീഡിന് മുന്‍പായാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇടവേള നല്‍കുക . പിരീഡുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് ബെല്ലടിക്കുമെന്നും സിംഗ്ഡേ വ്യക്തമാക്കി.
ഗോവയില്‍ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററിവരെയുള്ള ക്ലാസ്സുകളിലായി ഏകദേശം 270,000 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിലൂടെ കുട്ടികളിലെ ആരോഗ്യ പ്രശ്നങ്ങള്‍ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍