ന്യൂഡല്‍ഹി : ശിവസേനയ്ക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഉദ്ധവ് താക്കറെ ജനവിധിയെ വഞ്ചിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനങ്ങളെ ഒന്നാകെ ശിവസേന അപമാനിച്ചു. മഹാരാഷ്ട്രയിലെ ജനങ്ങള്‍ ബിജെപി അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി.
സ്വന്തം ആശയത്തെയും ആദര്‍ശങ്ങളെയും പണയപ്പെടുത്തിയാണ് എന്‍സിപിയും, കോണ്‍ഗ്രസും, ശിവസേനയും ത്രികക്ഷി സഖ്യം രൂപീകരിച്ചിരിക്കുന്നത്. സഖ്യം രൂപീകരിക്കാമെന്ന് ഉറപ്പു നല്കി വഞ്ചിച്ചവരാണ് ഇന്ന് ബിജെപിയെ കുറ്റപ്പെടുത്തുന്നത്. എല്ലാ മൂല്യങ്ങളും ഉപേക്ഷിച്ചാണ് ത്രികക്ഷി സഖ്യം സര്‍ക്കാര്‍ രൂപികരിക്കുന്നതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
ബിജെപി ഒരിക്കലും അധികാരത്തിന്റെ പുറകേ പോയിട്ടില്ല. എന്നാല്‍ തികഞ്ഞ അധികാരമോഹികളാണ് ശിവസേനയെന്നും ഇക്കാര്യം വൈകാതെ തന്നെ ശിവസേനയെ പിന്തുണയ്ക്കുന്നവര്‍ക്ക് മനസ്സിലാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പിന് മുന്‍പ് മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നില്ല. മാത്രമല്ല ഫട്നാവിസിനെ തന്നെ വീണ്ടും മുഖ്യമന്ത്രിയാക്കാനാണ് തീരുമാനമെന്ന് പലവട്ടം ഉദ്ധവ് താക്കറെയെ അറിയിച്ചതുമാണ്. എന്നാല്‍ അപ്പോഴും ഒന്നും എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന അദ്ദേഹം പിന്നീട് പ്രതിഷേധവുമായി രംഗത്ത് വന്നത് എന്തിനെന്നത് വ്യക്തമാണെന്നും അമിത് ഷാ പറഞ്ഞു.