ന്യൂഡല്‍ഹി : കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദേശ രാജ്യങ്ങളില്‍ ബന്ദികളായി കഴിഞ്ഞ 65 ഓളം ഇന്ത്യക്കാരെ നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി കേന്ദ്ര സര്‍ക്കാര്‍. അധികാരത്തിലേറിയതു മുതല്‍ അന്യ രാജ്യങ്ങളില്‍ അകപ്പെട്ട ഇന്ത്യക്കാരെ നാട്ടില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന് പറഞ്ഞു. ലോക്സഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുരളീധരന്.
സര്‍ക്കാരിന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 65 ഓളം ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കാന്‍ കഴിഞ്ഞു. നൈജീരിയ, കെനിയ, അഫ്ഗാനിസ്ഥാന്, മ്യാന്മാര് , ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെയാണ് സര്‍ക്കാര്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്. വിദേശ രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. കലഹബാധിത രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ സര്‍ക്കാര്‍ നിരന്തരം നീരീക്ഷിക്കുകയും പ്രവാസികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുക്കുകയും ചെയ്യാറുണ്ടെന്നും മുരളീധരന് വ്യക്തമാക്കി.
വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്കെതിരെയുള്ള വംശീയ അതിക്രമങ്ങള്‍ വളരെ കുറവ് മാത്രമേ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു എന്നും 16 രാജ്യങ്ങള്‍ വിസ കൂടാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാനുള്ള അനുമതി നല്കിയി്ട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.