കുവൈറ്റ് സിറ്റി : കുട്ടികളിലെ ശാസ്ത്രഗവേഷണ അഭിരുചി മനസിലാക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള വിജ്ഞാന പ്രദര്‍ശനമായിരുന്നു കുവൈറ്റ് സയന്‍സ് ഇന്റര്‍നാഷ|ണല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുവൈറ്റ് ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്.
യുണീമണി എക്സ്ചേഞ്ചുമായി സഹകരിച്ച് നടന്ന പരിപാടിയില്‍ കുവൈറ്റ് ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ, സിഫ് കുവൈറ്റ് പ്രസിഡന്റ് അരുൺ കുമാർ, ഇന്ത്യൻ ലേർണേഴ്സ് ഓൺ അക്കാഡമി സ്കൂള്‍ വൈസ് പ്രിൻസിപ്പാൾ വിനീത് കുമാർ, യുണീമണി മാർക്കറ്റിങ് ഹെഡ് രഞ്ജിത് പിള്ള എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കുവൈറ്റിലെ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരായ ഡോ.നീലമണി, ഡോ. നാരായണ ഭട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള 44 ടീമുകൾ 2 വിഭാഗങ്ങളിലായി മത്സരിച്ച സയൻസ് കോൺഗ്രസില്‍ ആയിരത്തിലധികം പേരാണ് പ്രോജക്ടുകള്‍ കാണുവാന്‍ എത്തിച്ചേര്‍ന്നത്. വിവിധ സ്കൂളുകളിൽ നിന്നുള്ള 11 ജൂനിയർ പ്രോജക്ടുകളും 6 സീനിയർ പ്രോജക്ടുകളും ‘എ’ ഗ്രെഡ് കരസ്ഥമാക്കി. മികച്ച അവതരണം, നൂതനമായ ആശയം തുടങ്ങിയ മറ്റു മേഖലകളിലും വിജയികളെ പ്രഖ്യാപിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനം എസ്.ഐ.എഫ്.കുവൈറ്റ് സംഘടിപ്പിക്കുന്ന സയൻസ് ഗാലയിൽ വച്ച് നൽകും.
ഭാരതീയ വിദ്യാഭവൻ കുവൈറ്റ്, ഇന്ത്യൻ ലേർണേഴ്സ് ഓൺ അക്കാഡമി എന്നീ സ്കൂളുകളിൽ നിന്നുള്ള 4 ടീമുകളെ അടുത്തമാസം തിരുവനന്തപുരത്ത് നടക്കുന്ന നാഷണല്‍ ചിൽഡ്രൻസ് സയൻസ് കോൺഗ്രസ്സിൽ കുവൈറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതിനായി തെരഞ്ഞെടുത്തു. ഭാരതസർക്കാർ നാഷണൽ കൗൺസിൽ ഫോർ സയൻസ് ആന്റ് ടെക്നോളജി കമ്മ്യുണിക്കേഷന്റെയും ശാസ്ത്രസാങ്കേതിക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വർഷാവർഷം സംഘടിപ്പിക്കുന്ന നാഷണൽ സയൻസ് കോൺഗ്രസിന്റെ ഭാഗമായാണ് കുവൈറ്റിൽ ചില്‍ഡ്രന്‍സ് സയന്‍സ് കോണ്‍ഗ്രസ് സംഘടിപ്പിച്ചുവരുന്നത്.