തിരുവനന്തപുരം: കൊല്ലം കടയ്ക്കലില്‍ വാഹന പരിശോധനയ്ക്കിടെ ബൈക്ക് യാത്രികനെ പോലീസ് ലാത്തി കൊണ്ട് എറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ.
പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിന്റേയോ സര്‍ക്കാരിന്റേയോ നയമല്ല ഈ രീതിയിലുള്ള പരിശോധന. ഇനി ഇത്തരം പരിശോധനകള്‍ ആവര്‍ത്തിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം ജില്ലാ പൊലീസ് മേധാവിക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം നാളെ എസ് പിമാര്‍ക്ക് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും അദ്ദേഹം ഉത്തരവിട്ടിരുന്നു. സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍
കടയ്ക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രമോഹനനെ സസ്പന്‍ഡ് ചെയ്തിരുന്നു. സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നതായാണ് വിവരം.