തിരുവനന്തപുരം: കുട്ടികള്‍ ഉള്‍പ്പെടെ പിന് സീറ്റില്‍ ഇരിക്കുന്നവര്‍ക്ക് ഹെല്‍മറ്റ് ഹൈക്കോടതി നിര്‍ബന്ധമാക്കിയതോടെ ഹെല്‍മെറ്റ് കിട്ടാനില്ല. സ്റ്റോക്ക് തീര്‍ന്നതോടെ ഹെല്‍മെറ്റിന്റെ വിലയും വര്‍ദ്ധിപ്പിച്ചു. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെയാണ് ഹെല്‍മെറ്റിന്റെ വില കുത്തനെ കൂട്ടിയത്.
വില വര്‍ദ്ധനവ് യാത്രക്കാര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. നൂറു മുതല്‍ 200 രൂപ വരെയാണ് വില വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരം ഉള്‍പ്പെടെ കേരളത്തിലെ മിക്ക ജില്ലകളിലെ കടകളിലും ഹെല്‍മെറ്റ് കിട്ടാനില്ലെന്നാണ് റിപ്പോര്‍ട്ട്.
ഹൈക്കോടതി വിധി പ്രകാരം 4 വയസിനു മുകളിലുള്ള ഇരു ചക്ര വാഹനക്കാര്‍ ഹെല്‍മെറ്റ് ഉപയോഗിക്കണം. കൂടാതെ ബിഐഎസ് മുദ്രയുള്ള ഹെല്‍മെറ്റുകള്‍ ധരിക്കണമെന്ന് നിര്‍ദ്ദേശിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍, ജില്ലാ കലക്ടര്‍മാര്‍, ആര്‍ടിഓമാര്‍ എന്നിവര്‍ക്ക് ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കത്തയച്ചിരുന്നു.
എന്നാല്‍ കുട്ടികള്‍ക്കായുള്ള ഹെല്‍മെറ്റുകള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പരിശോധന കര്‍ശനമാക്കിയാല്‍ പിഴ കൊടുക്കേണ്ടി വരുമെന്ന ആശങ്കയിലാണ് യാത്രക്കാര്‍. രണ്ടുപേരും ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്താല്‍ ഇരട്ടപിഴയാണ് ഈടാക്കുക.
സാധാരണ 500 രൂപയാണ് പിഴ. രണ്ടു പേര് ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ 1000 രൂപ പിഴ നല്‍കേണ്ടി വരും. കുറ്റം ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും. എന്നാല്‍ പിഴ ഒടുക്കാന്‍ വിസമ്മതിച്ചാല്‍ വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് മോട്ടോര്‍ വാഹന വകുപ്പ് സ്വീകരിക്കുന്നത്.