Qatar

കുട്ടികളില്‍ ശാസ്‌ത്രാഭിരുചി പ്രോജ്ജ്വലിപ്പിച്ച്‌ രാജ്യാന്തര ആവര്‍ത്തനപ്പട്ടിക വര്‍ഷാചരണം

ദോഹ- വിദ്യാര്‍ഥികളില്‍ ശാസ്‌ത്രാഭിരുചി വളര്‍ത്തുന്ന ഖത്തറിലെ പ്രമുഖ പ്രവാസി ഇന്ത്യന്‍ സംഘടനയായ സയന്‍സ്‌ ഇന്ത്യ ഫോറം(സിഫ്‌) ഖത്തര്‍, ഖത്തര്‍ ഫൗണ്ടേഷന്‍(ക്യുഎഫ്‌), ഖത്തര്‍ നാഷണല്‍ ലൈബ്രറി(ക്യുഎന്‍എല്‍), ടെക്‌സാസ്‌ എ ആന്‍ഡ്‌ എം സര്‍വകലാശാല (ടിഎഎംയുക്യു)   എന്നിവയുടെ സഹകരണത്തോടെ അന്താരാഷ്‌ട്ര ആവര്‍ത്തനപട്ടിക വര്‍ഷാചരണം (ഇന്റര്‍നാഷണല്‍ ഇയര്‍ ഓഫ്‌ പീരിയോഡിക്‌ ടേബിള്‍ 2019) നടത്തി. ക്യുഎന്‍എല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രതിനിധി ഡോ. സോന സോമന്‍ മുഖ്യാതിഥി ആയി. ഖത്തറിലെ വിവിധ ഇന്ത്യന്‍, ഇന്റര്‍നാഷണല്‍ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 250ല്‍ ഏറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

ക്യുഎന്‍എല്‍ എക്‌സിക്യുട്ടിവ്‌ ഡയറക്‌ടര്‍ ഡോ. സൊഹൈര്‍ വസ്‌താവി, ഖത്തര്‍ അക്കാദമി ഓഫ്‌ സയന്‍സ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി ഡയറക്‌ടര്‍ ഡോ. ഗ്രെഗ്‌ മൊങ്കാഡ, ഖത്തര്‍ ലീഡര്‍ഷിപ്‌ അക്കാദമി ഡയറക്‌ടര്‍ ജമീല്‍ അല്‍ ഷമ്മാരി, ഖത്തര്‍ പരിസ്‌ഥിതി ഊര്‍ജ ഗവേഷണ കേന്ദ്രം(ഖീരി) ചീഫ്‌ ഇന്‍വെസ്‌റ്റിഗേറ്റര്‍ ഡോ. ഇസ്സാം ഹെഗ്ഗി, സിഐആര്‍ഐ(സെന്‍ട്രല്‍ ഇന്ത്യ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌) മുന്‍ ഗവേണിങ്‌ കൗണ്‍സില്‍ അംഗം ഡോ. ഹേമന്ദ്‌ പാണ്ഡേ, ടിഎഎംയുക്യു സ്‌റ്റെം പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ്‌ ഗാരിബ്‌, ഖത്തര്‍ ഫൗണ്ടേഷന്‍ ഗിഫ്‌റ്റഡ്‌ എജ്യുക്കേഷന്‍ വിഭാഗം മേധാവി സിന്ത്യ ബോള്‍ട്ടണ്‍ എന്നിവര്‍ വിശിഷ്‌ടാതിഥികളായി.

Loading...

കുട്ടികള്‍ക്കായി വിവിധ മല്‍സരങ്ങളും നടന്നു. മുഖ്യപ്രഭാഷകന്‍ ഡോ. ഹേമന്ദ്‌പാണ്ഡേ ആവര്‍ത്തനപട്ടികയുടെ ചരിത്രവും പ്രത്യേകതകളും ശാസ്‌ത്രപ്രാധാന്യവും അടിസ്‌ഥാനമാക്കി ക്വിസ്‌ മല്‍സരം നയിച്ചു. പുതിയ മൂലകങ്ങളെ കണ്ടെത്താന്‍ നടക്കുന്ന ശ്രമങ്ങള്‍, അവയെ ആവര്‍ത്തനപട്ടികയില്‍  ഉള്‍പ്പെടുത്തേണ്ടതെങ്ങനെ? അപകടകാരികളായ മൂലകങ്ങള്‍ നിലനിന്നിരുന്നോ? അവ ഭൂമിയിലെ ജീവജാലങ്ങളെ ബാധിച്ചതെങ്ങനെ? തുടങ്ങിയ വിഷയങ്ങളില്‍ വിദ്യാര്‍ഥികകളും അധ്യാപകരും ഉന്നയിച്ച സംശയങ്ങള്‍ക്കും അദ്ദേഹം മറുപടി നല്‍കി.

ഇന്ത്യയുടെ ഭൗമ, ചാന്ദ്ര, ഗ്രഹ പര്യവേക്ഷണങ്ങളെക്കുറിച്ച്‌ ഖീരി ശാസ്‌ത്രജ്‌ഞന്‍ ഡോ. ഇസ്സാം ഹെഗ്ഗി പ്രഭാഷണം നടത്തി. രസതന്ത്ര, ഭൗതിക, എന്‍ജിനീയറിങ്‌ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ടിഎഎംയുക്യു സംഘടിപ്പിച്ച സയന്‍സ്‌ റോഡ്‌ഷോ അറിവും കൗതുകവും പകര്‍ന്നു. ഒട്ടേറെ സ്‌ഥാപനങ്ങളിലെ ശാസ്‌ത്ര, സാങ്കേതിക, മാനേജ്‌മെന്റ്‌ പ്രതിനിധികളും അക്കാദമിക്‌ വിദഗ്‌ധരും സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരും പരിപാടിയില്‍ പങ്കെടുത്തു.

2019 അന്താരാഷ്‌ട്ര ആവര്‍ത്തനപ്പട്ടിക വര്‍ഷമായി(ഐവൈപിടി2019) ആചരിക്കാന്‍ 2017ല്‍ ചേര്‍ന്ന ഐക്യരാഷ്‌ട്ര സംഘടന പൊതുയോഗമാണ് ആഹ്വാനം ചെയ്തത്. റഷ്യന്‍ രസതന്ത്രജ്‌ഞന്‍ ദിമിത്രി ഇവാനോവിച്ച്‌ മെന്‍ഡലിഫ് 1869ല്‍ ആവര്‍ത്തനപ്പട്ടിക തയാറാക്കിയതിന്റെ 150ാം വാര്‍ഷികം പ്രമാണിച്ചാണ്‌ യുഎന്‍ 2019 അന്താരാഷ്‌ട്ര ആവര്‍ത്തനപ്പട്ടിക വര്‍ഷമായി ആചരിക്കുന്നത്‌. ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനു ജീവശാസ്ത്രത്തിലുള്ളതിനു സമാന പ്രാധാന്യമാണ് ആവര്‍ത്തനപ്പട്ടികയ്ക്കു രസതന്ത്രത്തിലുള്ളത്.

1 Shares

Scroll down for comments

Loading...

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close