വാലെറ്റ: മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തില്‍ മാള്‍ട്ട പ്രധാനമന്ത്രി ജോസഫ് മസ്ക്കറ്റ് രാജി പ്രഖ്യാപിച്ചു. മാധ്യമ പ്രവര്‍ത്തക ഡാഫ്നെ കരുവാന ഗലീസിയയുടെ കൊലപാതകത്തില്‍ കുറ്റാരോപിതരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചത്.
പുതുവര്‍ഷത്തില്‍ താന്‍ സ്ഥാനമൊഴിയുകയാണെന്ന് ദേശീയ ടെലിവിഷനിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയോട് ആവശ്യപ്പെടുമെന്നും ജോസഫ് മസ്ക്കറ്റ് വ്യക്തമാക്കി.
2017 ഒക്ടോബറിലാണ് വീടിനു സമീപത്ത് വച്ചുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ കുറ്റാന്വേഷണ മാധ്യമപ്രവര്‍ത്തകയായ ഡാഫ്നെ കരുവാന ഗലീസിയ കൊല്ലപ്പെടുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ഡാഫ്നെ പുറത്തു കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ കൊല്ലപ്പെട്ടത്.