ശ്രീനഗര്‍: ജമ്മു കശ്മീര്‍ വികസനത്തിന്റെ പാതയിലാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ശരിവെച്ച് പ്രമുഖ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ്. ജമ്മു കശ്മീരില്‍ ആദ്യ ഡീലര്‍ഷിപ്പ് തുറന്ന ഹാര്‍ലി ഡേവിഡ്സണ് ആദ്യ ദിനം തന്നെ അഞ്ച് ബൈക്കുകളാണ് വിറ്റഴിച്ചത് 2,000 ചതുരശ്ര അടിയിലാണ് ഷോറൂം നിര്‍മ്മിച്ചിരിക്കുന്നത്. ഇതിനൊപ്പം 1,800 ചതരുശ്ര അടിയിലുള്ള പ്രത്യേക വര്‍ക്ക് ഷോപ്പുമുണ്ട്.
‘ഓരോ പുതിയ ഡീലര്‍ഷിപ്പും ആരംഭിക്കുന്നതോടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. റിഡ്ജസ്-ഹാര്‍ലി ഡേവിഡ്സണ് പങ്കാളിത്തത്തെ ഞങ്ങള്‍ ആവേശത്തോടെയാണ് നോക്കിക്കാണുന്നത്. കാരണം വടക്കന്‍ മേഖലയിലുള്ള ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിന്റെ സേവനങ്ങള്‍ തടസങ്ങളില്ലാതെ വേഗത്തില്‍ ഉറപ്പാക്കുന്നതിന് ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’. ഇന്ത്യയിലെ ഹാര്‍ലി ഡേവിഡ്സണ് എംഡി സജീവ് രാജശേഖരന് പറഞ്ഞു.
ജമ്മുവിലെ എന്‍എച്ച് 1എ ബൈപ്പാസില്‍ ചാന്നി ഹിമ്മത്തിന് എതിര്‍വശത്തായാണ് പുതിയ ഹാര്‍ലി ഡേവിഡ്സണ് ഷോറൂം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഫാറ്റ് ബോബ്, ഫോര്‍ട്ടി എയ്റ്റ്, കസ്റ്റം, സ്ട്രീറ്റ് റോഡ്, സ്ട്രീറ്റ് 750 എന്നീ ബൈക്കുകളാണ് ആദ്യം ദിനം വിറ്റഴിഞ്ഞത്. കശ്മീരിന് സവിശേഷ അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ ജമ്മു കശ്മീരും മറ്റ് സംസ്ഥാനങ്ങളെപ്പോലെ വികസനത്തിലേക്ക് കുതിക്കുകയാണ്.