തിരുവനന്തപുരം: കോണ്‍ഗ്രസ് പുനഃസംഘടനയിലുള്ള അതൃപ്തി തുറന്ന് പറഞ്ഞ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം മൂന്നര വര്‍ഷം കൊണ്ട് പിണറായി സര്‍ക്കാര്‍ നടത്തിയത് ആയിരം കോടി രൂപയുടെ ധൂര്‍ത്താണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കെപിസിസി പുനസംഘടന വൈകുന്നതിനിടെയാണ് ജംബോ കമ്മറ്റിയെക്കുറിച്ചുള്ള അതൃപ്തി വ്യക്തമാക്കി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് തന്നെ രംഗത്തെത്തിയത്. പാര്‍ട്ടിയെ നയിക്കേണ്ടത് ആള്‍ക്കൂട്ടമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്റെ അഭിപ്രായം ദേശീയ നേതൃത്വത്തെ അറിയിച്ചെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
കേരളാ പോലീസ് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതും വെറും ധൂര്‍ത്താണെന്നും മുഖ്യമന്ത്രിക്കും പരിവാരങ്ങള്‍ക്കും സഞ്ചരിക്കാനുള്ള വാഹനമായി ഇത് മാറുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് വേണ്ടി ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നതിനെ ഊരിപ്പിടിച്ച കത്തിക്കു മുന്നിലൂടെ വന്ന മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര സുരക്ഷ എന്നായിരുന്നു പരിഹാസം.