തിരുവനന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു. ഇതേ തുടര്‍ന്ന് കേരള കര്‍ണ്ണാടക തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കാലാവസ്ഥാ വിഭാഗം ജാഗ്രതാ നിര്‍ദേശം നല്കി. കേരളാ, ലക്ഷദ്വീപ്,കര്‍ണ്ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി.
അതേസമയം സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന നാല് ദിവസങ്ങളില്‍ കൂടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കടല്‍ത്തീരങ്ങളിലേയ്ക്കുള്ള വിനോദയാത്ര പരമാവധി ഒഴിവാക്കണമെന്നും കടലില്‍ ഇറങ്ങാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഇക്വറ്റോറിയല്‍ പ്രദേശങ്ങളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരിക്കുന്നത്.