വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കണം; ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാന്‍ ആധുനിക സംവിധാനം ഉപയോഗിക്കാനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കണമെന്നും എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഡിജിപി നിര്‍ദ്ദേശം നല്കി. ഹെല്‍മറ്റ് ധരിക്കാത്തതിന് ഇരുചക്രവാഹന യാത്രക്കാരെ ഒരുകാരണവശാലും ഓടിച്ചിട്ട് പിടിക്കരുതെന്നും ഡിജിപിയുടെ നിര്‍ദ്ദേശമുണ്ട്.
ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കാനായി വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും ഒഴിവാക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കളളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത് എന്നിവ സംബന്ധിച്ച് വ്യക്തമായി വിവരം ലഭിക്കുന്ന സാഹചര്യത്തിലും അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും മാത്രമേ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്താവൂ എന്നും ഡിജിപി നിര്‍ദ്ദേശിച്ചു.
ഇന്‍സ്പെക്ടര്‍ റാങ്കിലോ അതിന് മുകളിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലോ മാത്രമേ വാഹനം തടയാവൂവെന്നും നിര്‍ദ്ദേശമുണ്ട്. അപകടങ്ങള്‍ ഉള്‍പ്പെടെയുളള ഹൈവേ ട്രാഫിക് സംബന്ധമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം അതതു മേഖലയിലെ ഹൈവേ പോലീസ് വാഹനങ്ങള്‍ക്കാണെന്ന് ജില്ലാ പോലീസ് മേധാവിമാര്‍ ഉറപ്പുവരുത്തണമെന്നും ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശത്തില്‍ പറയുന്നു.
ചില ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ ട്രാഫിക് കുറ്റകൃത്യങ്ങളുടെ ചിത്രങ്ങളും വീഡിയോയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിച്ചുവരുന്നത് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കാനും ആലോചനയുണ്ട്. ട്രാഫിക് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിന് ക്യാമറ സംവിധാനം ഉപയോഗിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..