തൃശ്ശൂര്‍: തൃശ്ശൂര്‍ പഴയന്നൂര്‍ കൊണ്ടാഴിയിലെ എസ് ബി ഐ എടിഎമ്മില്‍ മോഷണ ശ്രമം നടത്തിയവര്‍ പിടിയില്‍. പ്രജിത്, രാഹുല്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും ഒറ്റപ്പാലം സ്വദേശികളാണ് അഞ്ച് ലക്ഷത്തിന്റെ കട ബാധ്യത തീര്‍ക്കാനാണ് മോഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്കി.
ഇന്ന് പുലര്‍ച്ചെ 2 മണിയോടെ ആണ് കവര്‍ച്ച ശ്രമം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ ടി എം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എടിഎമ്മില്‍ നിന്ന് പണം നഷ്ടമായിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു.
ഗ്യാസ് കട്ടറിന്റെ വെളിച്ചം സമീപവാസി കണ്ടതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിനെ വിവരമറിയിച്ചു. ഇദ്ദേഹം സ്ഥലം ഉടമയേയും പോലീസിനേയും വിവരമറിയിച്ചു. നാട്ടുകാര്‍ അറിഞ്ഞ് ലൈറ്റിട്ടതോടെ പ്രതികള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ 150 മീറ്റര്‍ ദൂരത്തായി പ്രതികളുടെ കാര്‍ റോഡരികിലെ കുഴിയില്‍ വീണു. ഇതോടെ വാഹനം ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. ഹെല്‍മെറ്റ് ധരിച്ചാണ് ഇവര്‍ എ ടി എമ്മില്‍ കയറിയത്. സിസിടിവി തകര്‍ക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തിയിരുന്നു.