ചണ്ഡിഗഡ്: ഹരിയാനയില്‍ വന്‍ ലഹരിമരുന്ന് വേട്ട. കഴിഞ്ഞ ഒരാഴ്ചക്കിടെ 43 കിലോ ഗ്രാം കഞ്ചാവാണ് സംസ്ഥാനത്തു നിന്നും പിടികൂടിയത്. ഇതിനു പുറമെ 52,137 കുപ്പി വ്യാജമദ്യവും പിടികൂടിയിട്ടുണ്ട്. ലഹരി വിമുക്ത സംസ്ഥാനമെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഹരിയാന പോലീസ് നേതൃത്വം നല്കുന്ന ‘ഓപ്പറേഷന് പ്രഹാറി’ന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
നവംബര്‍ 20 മുതല്‍ 27 വരെയാണ് പോലീസ് പരിശോധന നടത്തിയത്. ഇതുവരെ 395 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ നിന്നും 15.14 ലക്ഷം രൂപയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ഏഴ് കേസുകളില്‍ ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
നവംബര്‍ 20 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ കഞ്ചാവ് വില്‍പ്പനക്ക് ഇടനില നിന്ന 88 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ആഭ്യന്തരമന്ത്രി അനില്‍ വിജാണ് ഓപ്പറേഷന് പ്രഹാറിന് തുടക്കം കുറിച്ചത്.