ന്യൂഡല്‍ഹി:26/11 മുംബൈ കൂട്ടക്കൊലയില്‍ ചബാദ് ഭവനില്‍ നിന്ന് രക്ഷപ്പെട്ട മോഷെ ഷ്വി ഹോള്ട്ട്സ്ബെര്ഗിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. മുംബൈ ആക്രമണത്തിന്റെ 11-ാംവാര്‍ഷികം കടന്നുപോയതിനു തൊട്ടുപിന്നാലെ മോഷെയുടെ പിറന്നാള്‍ ദിനത്തിലായിരുന്നു ആശംസയര്‍പ്പിച്ച് പ്രധാനമന്ത്രി കത്തെഴുതിയത്. ഒരു ദിവസം മുംബൈയിലെ ചബാദ് ഹൗസിലേക്ക് ഡയറക്ടറായി മോഷെ മടങ്ങിവരുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുന്നതായാണ് മോദി കത്തില്‍ വ്യക്തമാക്കുന്നത്.
നിന്റെ കഥ എല്ലാവരേയും പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. ദുരന്തത്തെയും ആ വലിയ നഷ്ടത്തെയും മറികടന്ന നിന്റെ മനക്കരുത്ത് എല്ലാവര്ക്കും അത്ഭുതവും പ്രത്യാശയുമാണ്.ഇന്ത്യയുടെ മുഴുവന്‍ പ്രാര്‍ഥനകളും നിനക്കൊപ്പമുണ്ട്. ആക്രമണത്തില്‍ മോഷെയെ രക്ഷപ്പെടുത്തിയ സാന്ദ്രാസാമുവലിനെയും കത്തില്‍ മോദി പരാമര്‍ശിച്ചു.
നമസ്തേ എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങിയത്. ‘നിങ്ങളുടെ ജീവിത യാത്രയില്‍ ഒരു സുപ്രധാന നാഴികക്കല്ല് കടക്കുകയാണ് .ദീര്‍ഘവും ആരോഗ്യകരവും വിജയകരവുമായ ഒരു ജീവിതത്തിനായി ഇന്ത്യ നിങ്ങളെ അനുഗ്രഹിക്കുന്നു…ആ പ്രാര്‍ത്ഥന തുടരുക തന്നെ ചെയ്യും. ‘സാന്ദ്രാ സാമുവല്‍, ആക്രമണ സമയത്ത് മോഷെയുടെ നാനി ആയിരുന്നു. മാതാപിതാക്കള്‍ നഷ്ടപ്പെട്ട മോഷെയെ ഇസ്രായേലിലേക്ക് തിരികെ കൊണ്ടു
പോയതും നാനി സാന്ദ്രാ സാമുവല്‍ ആയിരുന്നു.
2008 നവംബര്‍ 26 ന് കുറേ ഭീരുക്കള്‍ ആണ് മുംബൈയില്‍ ഭീകരാക്രമണം നടത്തിയത്. നമ്മുടെ ആത്മാവിനെ തളര്‍ത്താനോ കീഴ്പ്പെടുത്താനോ അവര്‍ക്ക് കഴിഞ്ഞില്ല. അതില്‍ അവര്‍ പരാജയപ്പെട്ടു.മോദി വ്യക്തമാക്കുന്നു.
കറാച്ചിയിലെ കണ്ട്രോള് റൂമില്‍ നിന്ന് സജ്ജിദ് മിറിന്റെ നിര്‍ദേശപ്രകാരം പാകിസ്ഥാനില്‍ നിന്നുള്ള ലഷ്കര്‍-ഇ-ത്വയ്ബ തീവ്രവാദികളാണ് മുംബൈയില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മോഷെയുടെ മാതാപിതാക്കളും കൊല്ലപ്പെട്ടു. പാകിസ്ഥാന് ഐ.എസ്.ഐയുടെ സംരക്ഷണയിലാണ് സജ്ജിദ് മിര്‍ ഇപ്പോഴും ജീവിക്കുന്നത്. ആക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയീദ് ഉള്‍പ്പെടെയുള്ള കുറ്റവാളികളില്‍ ആരെയും പാകിസ്ഥാന് ശിക്ഷിച്ചിട്ടില്ല.
പാകിസ്ഥാന്റെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി, എല്ഇടിയെയും ഐഎസ്ഐയെയും കൂട്ടക്കൊലയുമായി നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകള്‍ കണ്ടെത്തിയിട്ടും ഇക്കാര്യത്തില്‍ തികഞ്ഞ അനാസ്ഥയാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. ഇന്ന് ഇന്ത്യയും ഇസ്രായേലും ഭീകരതയ്ക്കും വിദ്വേഷത്തിനും എതിരെ കൂടുതല്‍ ദൃഢനിശ്ചയത്തോടെ ഒരുമിച്ചു നില്‍ക്കുന്നുവെന്ന് മോദി കത്തില്‍ വ്യക്തമാക്കുന്നു .
ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉള്‍പ്പെടെ പ്രമുഖരും മോഷെയ്ക്ക് സന്ദേശങ്ങളയച്ചു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നെതന്യാഹുവിനൊപ്പം മോഷെ മുംബൈയിലെത്തി മാതാപിതാക്കളായ റിവ്കയ്ക്കും ഗവ്രിയേല്‍ ഹോള്സ്ബെര്ഗിനും ആദരമര്‍പ്പിച്ചുള്ള ചടങ്ങില്‍ പങ്കെടുത്തിരുന്നു.