മുംബൈ: ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യുവരിച്ച മുംബൈ പോലീസിലെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവന്‍ ഹേമന്ദ് കര്‍ക്കറെയുടെ ജീവിതം വരച്ചുകാട്ടി മകള്‍ ജൂയി കര്‍ക്കറെ. ‘ഹേമന്ദ് കര്‍ക്കറെ: ഒരു മകളുടെ ഓര്‍മ്മകള്‍’ എന്നപേരിലുള്ള പുസ്തകം പുറത്തിറക്കുന്ന ചടങ്ങിലാണ് രചയിതാവ് കൂടിയായ ജൂയി ഓര്‍മ്മകള്‍ പങ്കുവച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ നഗരത്തില്‍ ഭീതിജനിപ്പിച്ച പാക് ഇസ്ലാമിക ഭീകരര്‍ക്കെതിരെ സധൈര്യം നേരിട്ടിറങ്ങിയ എടിഎസ് തലവനായിരുന്ന കര്‍ക്കറെ ഇന്ത്യന്‍ പോലീസ് സേനക്ക് അഭിമാനമായി മാറിയ വ്യക്തിത്വമാണ്.
‘തന്റെ അച്ഛന്റെ ഔദ്യോഗിക ജീവിതം, അതിന്റെ ഗൗരവവും വിഷമങ്ങളും സാഹസികതയും കുടുംബത്തിനകത്ത് നിന്ന് കണ്ടുവളര്‍ന്നയാളാണ് താന്‍. 26/11 എന്ന പേരില്‍ ഇന്ത്യ ഓര്‍ക്കാനിഷ്ടപ്പെടാത്ത ദിനത്തില്‍ തന്റെ അച്ഛന് നടത്തിയ കൃത്യനിര്‍വ്വഹണമാണ് ഈ പുസ്തകം എഴുതാന്‍ പ്രേരണയായത്. അതിപ്പുറം സ്ഥിരമായി ഡയറി എഴുതുമായിരുന്ന അച്ഛന്റെ കുറിപ്പുകള്‍ കണ്ടതോടെയാണ് പുസ്തകം വേണം എന്നും തീരുമാനിച്ചത്. എന്റെ അച്ഛന് ജീവിച്ചത് ഞാന്‍ കണ്ടതാണ്. അതിനാല്‍ത്തന്നെ ഇത് എഴുതി തീര്‍ത്തതില്‍ ഞാന്‍ തികച്ചും സംതൃപ്തയുമാണ്’ ജൂയി പറഞ്ഞു.
നിലവില്‍ വിവാഹിതയായി രണ്ടുകുട്ടികളുടെ അമ്മയായി ബോസ്റ്റണിലാണ് ജൂയി താമസിക്കുന്നത്. കര്‍ക്കറേയുടെ മരണത്തെതുടര്‍ന്ന് നാട്ടിലെത്തിയശേഷമാണ് ഡയറിക്കുറുപ്പുകള്‍ ശ്രദ്ധയില്‍പ്പെടുന്നതും ഓര്‍മ്മകള്‍ പുസ്തകമാക്കണമെന്ന് തീരുമാനമെടുത്തതെന്നും ജൂയി വ്യക്തമാക്കി.
തന്റെ 20-21 വയസ്സില്‍ നിഷ്ഠയോടെ ജീവിച്ച യുവാവ്. എന്തുചെറിയകാര്യത്തില് ജയിച്ചാലും പരാജയപ്പെട്ടാലും കാര്യകാരണസഹിതം അത് ഡയറിയില്‍ കുറിച്ചിട്ടിരുന്നു.10-15 വര്‍ഷത്തിനിടയില്‍ പഴയകാര്യങ്ങള്‍ വീണ്ടും പരിശോധിച്ച് പുതിയ കുറിപ്പുകളെഴുതുമായിരുന്നു. സ്വയം തന്നെത്തന്നെ വിലയിരുത്തിയ മികച്ച വ്യക്തിത്വമായിരുന്നു തന്റെ അച്ഛനെന്നും ജൂയി ചടങ്ങില്‍ സൂചിപ്പിച്ചു.
അതീവ സമ്മര്‍ദ്ദമുള്ള കമ്യൂണിസ്റ്റ് ഭീകരകേന്ദ്രങ്ങളിലെ ജോലിക്കിടെ 1991കളില്‍ ചന്ദ്രപൂരില്‍ വച്ച് വീട്ടിലെത്തിയാല്‍ ചിത്രരചന നടത്തുന്ന അച്ഛനെയാണ് ഞാന്‍ കണ്ടതെന്നും ജൂയി ഓര്‍ത്തെടുത്തു. അമേരിക്കയില്‍ തന്നോടൊപ്പം അവധിക്കാലം ചിലവഴിക്കാന്‍ വന്ന അച്ഛനെയാണ് താന്‍ അവസാനമായി കണ്ടത്. അന്ന് പൂര്‍ണ്ണമായും 15 ദിവസം മറ്റൊന്നും ചിന്തിക്കാതെ തനിക്കൊപ്പം നിന്നത് മറക്കാനാകില്ലെന്നും ജൂയി പറഞ്ഞ്ു. തന്റെ കുട്ടിക്കാലം അച്ഛന്റെ ഔദ്യോഗിക ജീവിതത്തിനൊപ്പം പലസ്ഥലത്തായി താമസിച്ച് പല സക്കൂളുകളില്‍ പഠിക്കേണ്ട അവസ്ഥയായിരുന്നുവെന്നും ജൂയി സൂചിപ്പിച്ചു.
പത്ത് സ്ക്കൂളുകളില്‍ മാറി മാറി പഠിക്കേണ്ടി വന്നു. കൂട്ടൂകാര്‍ മാറി, പലതും എല്ലാ വര്‍ഷവും ഒന്നേയെന്ന് തുടങ്ങേണ്ടിവന്നു. താന്‍ വിഷമിച്ചപ്പോള്‍ അച്ഛന് പറഞ്ഞത് ‘ഓരോ പുതിയ സ്ഥലം നമുക്ക് പുതിയ അനുഭവം തരും. അത് നമ്മെ ഏതു പരിതസ്ഥിതിയിലും ജീവിക്കാന്‍ കരുത്തുനല്കും’ എന്നാണ്. പുസ്തക പ്രകാശനച്ചടങ്ങില്‍ ജൂയി കര്‍ക്കറേയുടെ ആത്മവിശ്വാസത്തെ സൂചിപ്പിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു.