ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയ്ക്ക് ചുട്ട മറുപടിയുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന് .ഞാന്‍ നിര്‍ബലയല്ല, നിര്‍മ്മലയാണെന്നും, ഞങ്ങളുടെ പാര്‍ട്ടിയിലെ ഓരോ സ്ത്രീയും സബലയാണെന്നും നിര്‍മ്മല സീതാരാമന് പറഞ്ഞു. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി.മാത്രമല്ല നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ എല്ലാ സ്ത്രീകളും സബലയാണെന്നും നിര്‍മ്മല സീതാരാമന് മറുപടി നല്കി.
സാമ്പത്തിക മാന്ദ്യം എന്നാരോപിച്ചായിരുന്നു കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി ബിജെപി സര്‍ക്കാരിനെയും കേന്ദ്ര ധനമന്ത്രിയെയും വിമര്‍ശിച്ചത്. രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗത കുറയാന്‍ കാരണം ബിജെപി സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തികൊണ്ടായിരുന്നു ധനമന്ത്രിയെ ‘നിര്‍ബല’ എന്ന് ചൗധരി ആക്ഷേപിച്ചത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്മെന്റിലെ മന്ത്രിയാണ് നിര്‍മ്മല സീതാരാമനെങ്കിലും മനസ്സിലുള്ളത് തുറന്ന് പറയാന്‍ അവര്‍ക്ക് സാധിക്കുന്നില്ലെന്നായിരുന്നു ചൗധരി പറഞ്ഞത്. നിങ്ങളെ എനിക്ക് ബഹുമാനമാണ്, പക്ഷെ ചിലപ്പോഴെല്ലാം നിര്‍മ്മല സീതാരാമന് എന്നതിന് പകരം ‘നിര്‍ബല’ സീതാരാമന് എന്നുവിളിക്കാന്‍ തോന്നുന്നു എന്നായിരുന്നു ചൗധരിയുടെ വിവാദ പ്രസ്താവന.