ഹൈദരാബാദ്: വെറ്റനറി ഡോക്ടറെ പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിന്റെ വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിച്ചു. ഹൈദരാബാദിലെ മഹ്ബൂബ നഗറിലാണ് അതിവേഗ കോടതി സ്ഥാപിച്ചത്.
കേസില്‍ അതിവേഗ വിചാരണ നടത്തി പ്രതികള്‍ക്ക് അര്‍ഹതപ്പെട്ട ശിക്ഷ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിചാരണയ്ക്കായി അതിവേഗ കോടതി സ്ഥാപിച്ചത്.
കഴിഞ്ഞ വര്‍ഷം വാറംഗലില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ കേസില്‍ 56 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയിരുന്നു. ഇതേ മാതൃകയില്‍ ഈ കേസും പൂര്‍ത്തിയാക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനം.
സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും, ക്രൂരകൃത്യം നടത്തിയ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ ഉറപ്പാക്കണം എന്നുമാവശ്യപ്പെട്ട് വ്യാപക പ്രതിഷേധം നടന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ കേസിന്റെ അതിവേഗ വിചാരണയ്ക്ക് ഉത്തരവിട്ടത്.
അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിമാര്‍ അടക്കമുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.