കൊല്ലം: വാഹന പരിശോധന നടത്തുമ്പോള്‍ പോലീസ് കാണിക്കേണ്ട ജാഗ്രത പഠിപ്പിക്കാനായുള്ള സ്പെഷ്യല്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. കൊല്ലം ജില്ലയിലെ പരിശീലനപരിപാടിയാണ് കൊട്ടാരക്കരയില്‍ ഇന്ന് രാവിലെ ആരംഭിച്ചത്. വാഹന പരിശോധനാ സമയത്ത് പൊതുജനത്തോട് കാണിക്കേണ്ട മര്യാദകളാണ് ക്ലാസ്സുകളിലെ പ്രധാന വിഷയം.
സംസ്ഥാനത്ത് വാഹനപരിശോധന സമയത്ത് ഒരു യുവാവിനെ ലാത്തിയെറിഞ്ഞു വീഴ്ത്തിയ സംഭവത്തില്‍ പോലീസ് കനത്ത പ്രതിരോധത്തിലായതോടെയാണ് വ്യപകമായി പരിശീലനം പുനരാരംഭിച്ചിരിക്കുന്നത്.
വാഹനപരിശോധനാ ചട്ടങ്ങള്‍, കയ്യിലുണ്ടാകേണ്ട പുസ്തകങ്ങള്‍, പിഴയീടാക്കാനുള്ള വ്യവസ്ഥകള്‍, ബോധവല്‍ക്കരണ രീതികള്‍, റോഡില്‍ പരിശോധന നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, പരിശോധന നടത്താന്‍ ആര്‍ക്കാണ് അധികാരം. കൂടെയുണ്ടാകേണ്ട പോലീസുകാര്‍ ആരൊക്കെ, പരിശോധനാ സമയത്ത് വീഡിയോ ചിത്രീകരണം നടത്തേണ്ടതിന്റെ ആവശ്യകത, ഉപകരണങ്ങളുടെ ഉപയോഗരീതി എല്ലാം ക്ലാസ്സില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
വാഹന പരിശോധന നടത്തും മുന്നേ റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാഫിക് സിഗ്നലുകളുടെ വ്യക്തത, പൊതുസമൂഹത്തിന് ട്രാഫിക് സിഗ്നലുകളിലുള്ള ബോധവല്‍ക്കരണം, കുറ്റകൃത്യം ശ്രദ്ധയില്‍പ്പെട്ടാല്‍ എടുക്കേണ്ട നടപടികള്‍ എന്നിവയും 3 മണിക്കൂര്‍ വീതം നീളുന്ന ക്ലാസ്സുകളിലുണ്ടായിരിക്കുമെന്നാണ് പോലീസ് വകുപ്പറിയിക്കുന്നത്.