തിരുവനന്തപുരം; ഐഎഫ്എഫ്കെയുടെ ഫെസ്റ്റിവല്‍ ഓഫീസുള്ള ടാഗോര്‍ തീയറ്ററില്‍ സംവിധായകരടക്കമുള്ള സ്വതന്ത്ര സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധം. സ്വതന്ത്ര സിനിമാ സംവിധായകര്‍ക്ക് ഐഎഫ്എഫ്കെയില് അവസരം നിഷേധിക്കപ്പെടുന്നു എന്നു വ്യക്തമാക്കിയാണ് സിനിമ സംവിധായകര്‍ പ്രതിഷേധവുമായെത്തിയത്. മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് എന്ന സംഘടനയിലെ സിനിമ പ്രവര്‍ത്തകരാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ കുമ്പളങ്ങി നൈറ്റ്സ്, ഉയരെ, വൈറസ്, ഉണ്ട, ജല്ലിക്കട്ട്, ഇഷ്ക്, ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു, വൃത്താകൃതിയിലുള്ള ചതുരം, പനി, വെയില് മരങ്ങള്‍, രൗദ്രം, കെഞ്ചിറ (പണിയ ഭാഷ), ഒരു ഞായറാഴ്ച എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ കുമ്പളങ്ങി നൈറ്റ്സ് വൈറസ്, ഉയരെ എന്നീ സിനിമകള്‍ ഉള്‍പ്പെടെ മിക്ക സിനിമകളും തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമകളാണെന്നാണ് ഇവരുടെ പരാതി.
മുടക്കുമുതല്‍ കുറഞ്ഞ സ്വതന്ത്ര സിനിമകള്‍ തഴയപ്പെടുന്നുവെന്നും മൂവ്മെന്റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്റ് സിനിമയുടെ പ്രവര്‍ത്തകര്‍ പറയുന്നു. ഐഎഫ്എഫ്കെയില് അവസരം നിഷേധിക്കപ്പെട്ട സിനിമകളില്‍ കൂടുതലും സ്വതന്ത്ര സിനിമ സംവിധായകരുടെ ആദ്യ സിനിമകളാണ്. തഴയപ്പെട്ടതില്‍ 7 വനിതാ സംവിധായകരുടെ സിനിമകളും ഉണ്ടായിരുന്നു .