ദോഹ* ഖത്തറിന്റെ 2020ലെ ബജറ്റ് നിര്‍ദേശങ്ങള്‍ക്കു മന്ത്രിസഭായോഗം അംഗീകാരം നല്കി. പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരിദീവാനില്‍ ഇന്നു(ബുധന്‍-ഡിസംബര്‍4) ചേര്‍ന്ന മന്ത്രിസഭായോഗം ബജറ്റ് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനുള്ള കരടു നിയമത്തിനും അംഗീകാരം നല്കി.
ജനുവരിയില്‍ തുടങ്ങുന്ന കലണ്ടര്‍ വര്‍ഷം തന്നെയാണ് ഖത്തറില്‍ ഇപ്പോള്‍ സാമ്പത്തിക വര്‍ഷവും. അതിനാല്‍ പുതിയ ബജറ്റ് 2020 ജനുവരി ഒന്നിനു തന്നെ പ്രാബല്യത്തിലാകും. 2030ല്‍ രാജ്യം കൈവരിക്കാനുദ്ദേശിക്കുന്ന വികസന ലക്ഷ്യങ്ങള്‍ വിവരിക്കുന്ന ഖത്തര്‍ ദേശീയ ദര്‍ശനരേഖയുടെ അടിസ്ഥാനത്തിലും 2018-22 ദേശീയ വികസന പഞ്ചവല്‍സര പദ്ധതിയുടേയും മുന്ഗണനാക്രമത്തിലുമാണ് വിവിധ പദ്ധതികള്‍ക്കും മന്ത്രാലയങ്ങള്‍ക്കും ബജറ്റ് വിഹിതം നല്‍കുന്നത്.
2022ലെ ഫിഫ ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കാണ് ബജറ്റില്‍ മുന്‍ഗണനയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ക്യുഎന്‍എ അറിയിച്ചു. സ്റ്റേഡിയം നിര്‍മാണങ്ങളാണ് ഇതില്‍ പ്രധാനം. ലോകകപ്പ് മല്‍സര വേദികളായ രണ്ടു സ്റ്റേഡിയങ്ങളേ ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടുള്ളൂ. ഗള്‍ഫ് കപ്പ്, ഫിഫ ക്ലബ് കപ്പ് മല്‍സര വേദികളായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, അല്‍ വക്രയിലെ അല്‍ ജനൂബ് സ്റ്റേഡിയം എന്നിവയാണിവ. അല്‍ ഖോറിലെ അല്‍ ബയ്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണജോലികള്‍ അന്തിമഘട്ടത്തിലാണ്. കാണികള്‍ക്ക് കിടന്നുകൊണ്ട് മല്‍സരം വീക്ഷിക്കാവുന്ന പഞ്ചനക്ഷത്ര സ്യൂട്ടുകളാണ് ഈ സ്റ്റേഡിയത്തിന്റെ സവിശേഷത.
ഉദ്ഘാടന, ഫൈനല്‍ മല്‍സരങ്ങള്‍ക്കു വേദിയാകുന്ന 80,000 പേര്‍ക്ക് ഇരിക്കാവുന്ന ലുസൈല്‍ സ്റ്റേഡിയം, അല്‍ തുമാമ, റാസ് അബു അബൗദ്(കണ്ടെയ്നര്‍), ഖത്തര്‍ ഫൗണ്ടേഷന് സ്റ്റേഡിയം എന്നിവയുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.
ലോകകപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി നടന്നുവരുന്ന അടിസ്ഥാന വികസന പദ്ധതികള്‍ക്കാണ് ബജറ്റില്‍ അടുത്ത മുന്‍ഗണന. ഭക്ഷ്യസുരക്ഷ, സാമ്പത്തിക, വ്യാവസായിക, ലോജിസ്റ്റിക് സോണ്‍, സ്വദേശികളുടെ ഭവനപദ്ധതി, ചെറുകിട-ഇടത്തരം സംരംഭങ്ങള്‍, സ്വകാര്യമേഖല എന്നിവയുടെ വികസനത്തിനും ഊന്നല്‍ നല്‍കിയാണ് ബജറ്റ് നിര്‍ദേശങ്ങള്‍ തയാറാക്കിയിരിക്കുന്നത്.
ബജറ്റ് നിര്‍ദേശങ്ങളും കരടു നിയമവും വിശദ ചര്‍ച്ചക്കായി സര്‍ക്കാരിന്റെ ഉപദേശക സമിതിയായ ശൂറാ കൗണ്‍സിലിന്റെ പരിഗണനയ്ക്കു കൈമാറിയതായി ക്യുഎന്‍എ വ്യക്തമാക്കി. ശൂറാ കൗണ്‍സില്‍ ചര്‍ച്ചകള്‍ക്കുശേഷം ശുപാര്‍ശകളോടെ ബജറ്റും കരടു നിയമവും മന്ത്രിസഭയ്ക്കു തിരികെ സമര്‍പ്പിക്കും. തുടര്‍ന്ന് അംഗീകാരം നല്‍കാനുള്ള ശുപാര്‍ശയോടെ മന്ത്രിസഭ ബജറ്റ് അമീറിന്റെ പരിഗണനയ്ക്കു സമര്‍പ്പിക്കും. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അംഗീകാരം നല്കി ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധപ്പെടുത്തുന്നതോടെയാണ് ബജറ്റ് നിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാകുക.