പൂനെ: ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടങ്ങളും ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൂനെയില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബലാത്സംഗവും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ വിചാരണാ നടപടികള്‍ വേഗത്തിലാക്കുന്ന വിധം ഐപിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡിയും നേരത്തെ സൂചിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കൈവരിച്ച നേട്ടങ്ങളെ അമിത്ഷാ പ്രശംസിച്ചു. വീരമൃത്യു വരിച്ച പൊലീസുകാര്‍ക്ക് അദ്ദേഹം ആദരാജ്ഞലികളും അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, ആഭ്യന്തര സെക്രട്ടറി അജയ്കുമാര്‍ ഭല്ല തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.