പട്ന: ബലാത്സംഗം പോക്സോ കേസുകളില്‍ കര്ശനിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ഇത്തരം കേസുകളുടെ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ഹൈക്കോടതി ചിഫ് ജസ്റ്റിസുമാര്‍ക്കും കത്തയക്കുമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
കേസ് അന്വേഷണം രണ്ട് മാസം കൊണ്ടും വിചാരണ ആറുമാസത്തിനകവും പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ അത്യന്തം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി.അതിവേഗ കോടതിയില്‍ കെട്ടിക്കിടക്കുന്ന പോക്സോ-ബലാത്സംഗ കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം ദേശീയ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമവും ക്രിമിനല്‍ നടപടി ചട്ടങ്ങളും ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നേരത്തെ അറിയിച്ചിരുന്നു. പൂനെയില്‍ നടക്കുന്ന ഡിജിപിമാരുടെയും ഐജിമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബലാത്സംഗവും കൊലപാതകവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളില്‍ വിചാരണാ നടപടികള്‍ വേഗത്തിലാക്കുന്ന വിധം ഐപിസിയും സിആര്‍പിസിയും ഭേദഗതി ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷന് റെഡ്ഡിയും നേരത്തെ സൂചിപ്പിച്ചിരുന്നു.