കുവൈറ്റ് സിറ്റി : ഇൻഡ്യൻ എഡ്യൂക്കേഷണൽ സ്കൂൾ കുവൈറ്റ്, ഭാരതീയ വിദ്യാഭവൻ 14മത് വാർഷികദിനം ആഘോഷിച്ചു. സ്കൂൾ അങ്കണത്തിൽ അരങ്ങേറിയ ആഘോഷത്തിൽ കലാസാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുത്തു.
ഭവൻസ് മിഡ്ഡിൽ ഈസ്റ്റ് ചെയർമാൻ എൻ. കെ. രാമചന്ദ്രൻ മേനോൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാഥിതി മുൻ കേരള പി.എ.സ്സി ചെയർമാൻ എസ്. രാധാകൃഷ്ണൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘടനം ചെയ്തു.
വിദ്യാർത്ഥികൾക്കിടയിൽ ഓരോ രക്ഷിതാവിനും ചെലുത്താവുന്ന സ്വാധീനം വളരെ വലുതാണെന്നും, മത്സര രംഗങ്ങളിൽ മത്സര ബുദ്ധിയേക്കാൾ പ്രാമുഖ്യം അതിലെ പങ്കാളിത്തത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
ആധുനിക വിദ്യാഭ്യാസ മേഖലയിൽ ഭവൻസ് ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്നും ഓരോ വിദ്യാർത്ഥികളിലും സാമൂഹിക സാംസ്കാരിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ ഭവൻസ് ഒരു മുതൽ കൂട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭവൻസ് മിഡിൽ ഈസ്റ്റ് വൈസ് ചെയർമാൻ സൂരജ് രാമചന്ദ്രൻ, ഭവൻസ് മിഡിൽ ഈസ്റ്റ് ഡയറക്ടർ ദിവ്യ രാജേഷ് രാമചന്ദ്രൻ, സുധ രാമചന്ദ്രൻ, ഇൻഡ്യൻ എഡ്യൂക്കേഷണൽ സ്കൂൾ കുവൈറ്റ് ഡയറക്ടർ കൃഷ്ണദാസ് മേനോൻ, സ്മാർട്ട് ഇൻഡ്യൻ സ്കൂൾ, കുവൈറ്റ് പ്രിൻസിപ്പൽ മഹേഷ് അയ്യർ തുടങ്ങിയവര്‍ സദസ്സിൽ സന്നിഹിതരായിരുന്നു.
കഴിഞ്ഞ വർഷകാലം ഭവൻസ് വിദ്യാഭ്യാസ മേഖലയിൽ കൊണ്ടുവന്ന പുത്തൻ നയങ്ങളും നേട്ടങ്ങളും പരിഷ്കാരങ്ങളും ഇൻഡ്യൻ എഡ്യൂക്കേഷണൽ സ്കൂൾ പ്രിൻസിപ്പൽ ടി. പ്രേംകുമാർ വേദിയിൽ അവതരിപ്പിച്ചു.
കേരളത്തിന്റെ തനത് സംസ്കാരത്തെയും കലആവിഷ്കാരത്തെയും മികവുറ്റ രീതിയിൽ അവതരിപ്പിച്ചുകൊണ്ട് കേരളീയം2019 അരങ്ങേറി. തെയ്യം മുതൽ കഥകളി വരെ നിറഞ്ഞാടിയ വേദിയിൽ വിദ്യാർത്ഥികളുടെ മികച്ച പ്രകടനം സദസ്സിൽ ആശ്ചര്യമുണർത്തി. അധ്യാപനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച അധ്യാപകരെയും അധ്യയന വർഷത്തിൽ മികച്ച രീതിയിൽ മുന്നേറ്റം നടത്തിയ വിദ്യാർത്ഥികളെയും വേദിയിൽ ആദരിച്ചു.