തൃശൂർ പൂരം ദുബായിൽ എത്തിച്ച പ്രവാസി കൂട്ടായ്മ “മ്മടെ തൃശൂർ” ഒരുക്കുന്ന മറ്റൊരാഘോഷത്തിന് കൂടി ദുബായ് വേദിയാകുന്നു. വിസ്മയോത്സവം എന്ന് പേരിട്ടിരിക്കുന്ന ആഘോഷ പരിപാടി ഡിസംബർ 13, വെള്ളിയാഴ്ച ദുബായ് ബോളിവുഡ് പാർക്കിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി, മേള കലാകാരൻ മട്ടന്നൂർ ശങ്കരൻ കുട്ടി, മക്കളായ ശ്രീരാജ്, ശ്രീരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള ട്രിപ്പിൾ തായമ്പക, പുലികളി, ശിങ്കാരിമേളം, മയിലാട്ടം, തെയ്യം, തിറ, കരോൾ, ദഫ് മുട്ട് എന്നിവയൊക്കെ പരിപാടിയുടെ ഭാഗമായി വേദിയിലെത്തും. ഈ മാസം 13ന് രാവിലെ പത്തു മുതൽ രാത്രി പത്തു വരെയാണ് ആഘോഷ പരിപാടികൾ. ബോളിവുഡ് പാർക്കിലേക്കുള്ള പ്രവേശനം ഉൾപ്പടെ 30 ദിർഹമാണ് ടിക്കറ്റ് നിരക്ക്. തൃശൂർ പുലിക്കളിയിൽ ഒന്നാം സമ്മാനാർഹരായ കോട്ടപ്പുറം ദേശം കലാകാരന്മാരുടെ പുലിക്കളിയാണ് മറ്റൊരാകർഷണം. കേരളത്തിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഘോഷയാത്രയും ഉണ്ടാകും.
അടുത്ത വർഷം ഏപ്രിൽ പതിനേഴിന് നടക്കുന്ന രണ്ടാമത് പൂരത്തിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞതായി “മ്മടെ തൃശൂർ” കൂട്ടായ്മയുടെ ഭാരവാഹികളായ രാജേഷ് മേനോൻ, അജിത് കുമാർ, രശ്മി രാജീവ്, ജയകൃഷ്ണൻ, അനൂപ് അനിൽ, മനാഫ് എന്നിവർ അറിയിച്ചു. വിവരങ്ങൾക്ക്: 055 541 8990.