ന്യൂഡല്‍ഹി : 2019 ആഗസ്റ്റ് മുതല്‍ രാജ്യത്ത് 84 നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ നടന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 59 പാക് ഭീകരര്‍ അതിര്‍ത്തിവഴി നുഴഞ്ഞ് കയറി രാജ്യത്ത് പ്രവേശിച്ചതായും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിഷണ്‍ റെഡ്ഡി ലോക് സഭയില്‍ വ്യക്തമാക്കി. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപി ശ്രീധര്‍ കോത്തഗിരിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
രാജ്യത്തേക്കുള്ള നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ എല്ലാം കശ്മീരിന്റെ സമാധാനത്തെ തകര്‍ക്കുന്നതിനായിരുന്നു. കശ്മീര്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ എത്തിക്കാനുള്ള അജണ്ടയുടെ ഭാഗമായിരുന്നു കഴിഞ്ഞ രണ്ട് മാസമായി നടന്ന ആക്രമണങ്ങള്‍. നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആവശ്യമായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങളെ ചെറുക്കുന്നതിനായി പ്രദേശത്ത് ശക്തമായ പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും, നുഴഞ്ഞുകയറ്റ പ്രതിരോധ ഗ്രിഡ് സ്ഥാപിച്ചിട്ടുണ്ടെന്നും കിഷണ്‍ റെഡ്ഡി വ്യക്തമാക്കി.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം കശ്മീരില്‍ അക്രമ സംഭവങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. പണ്ടത്തേതിനേക്കാള്‍ ശാന്തമാണ് ഇന്ന് കശ്മീര്‍ ജനതയുടെ ജീവിതം എന്നും കിഷണ്‍ റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
1990 മുതല്‍ ജമ്മു കശ്മീരില്‍ 22,557 ഭീകരരെ സൈന്യം വധിച്ചിട്ടുണ്ട്. 2005 മുതല്‍ 2019 ഒക്ടോബര്‍ 31 വരെ 1,011 ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായും 42 ഭീകരരെ പിടികൂടിയതായും 2253 തവണ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും കിഷണ്‍ റെഡ്ഡി ലോക്സഭയെ അറിയിച്ചു.