റായ്പൂര്‍ : തലയ്ക്ക് 40 ലക്ഷം രൂപ പാരിതോഷികം പഖ്യാപിച്ച കമ്മ്യൂണിസ്റ്റ് ഭീകരന് രമണ മരിച്ചതായി സ്ഥിരീകരണം. ഛത്തീസ്ഗഡ് പോലീസാണ് രമണ മരിച്ചതായുള്ള വിവരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് ഇയാള്‍ മരിച്ചെന്നാണ് പോലീസിന് ലഭിച്ച വിവരം. വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് രമണ മരിച്ചതായി സ്ഥിരീകരിച്ചത്. കൂടാതെ ഇയാളുടെ മൃതദേഹം കഴിഞ്ഞ ശനിയാഴ്ച പമദ് ബസഗുഡ എന്നീ ഗ്രാമങ്ങളുടെ ഇടയിലുള്ള വനപ്രദേശത്ത് സംസ്കരിച്ചതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ബസ്തര്‍ പ്രദേശത്ത് നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുള്ള കൊടും ഭീകരന് ആണ് രവുലു ശ്രീനിവാസ് എന്ന രമണ. 2010ലെ ടാഡ്മെറ്റ്ല കൂട്ടക്കൊലയിലും 2013 ല്‍ ദര്‍ഭ താഴ്വരയില് നടന്ന ആക്രമണത്തിലും ഇയാള്‍ മുഖ്യപ്രതിയാണ്.
2010 ല്‍ ദന്തേവാഡയിലെ ടാഡ്മെറ്റ്ല വനപ്രദേശത്ത് ആക്രമണത്തില്‍ 76 സുരക്ഷ സേന ഉദ്യോഗസ്ഥരും നിരവധി സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. 2013 ല്‍ ദര്‍ഭ താഴ്വരയില് നടത്തിയ ആക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പോലീസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 29 പേരും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്നാണ് വാറംഗല്‍ സ്വദേശിയായ ഇയാളുടെ തലയ്ക്ക് 40 ലക്ഷം രൂപ ഛത്തീസ്ഗഡ് പോലീസ് വിലയിട്ടത്.
കമ്മ്യൂണിസ്റ്റ് ഭീകരരുടെ ദണ്ഡകാരണ്യം സ്പെഷ്യല്‍ സോണല്‍ കമ്മിറ്റിയുടെ സെക്രട്ടറിയായിരുന്നു രമണ. രമണയുടെ ഭാര്യയും മകനും കമ്മ്യൂണിസ്റ്റ് ഭീകര നേതാക്കളാണ്.