കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാള പുസ്തകങ്ങളുള്ള കേരള സോഷ്യൽ സെന്റർ ലൈബ്രറിയിലേക്ക് ഇന്ത്യൻ എംബസി അബുദാബി മലയാളത്തിലും ഇഗ്ളീഷ് ഭാഷയിലുമുള്ള നിരവധി പുസ്തകങ്ങൾ സംഭാവന ചെയ്തു . കേന്ദ്ര സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പ്രസിദ്ധ എഴുത്തുകാരുടെ പ്രശസ്തമായ പുസ്തകങ്ങളുടെ ശേഖരമാണ് സംഭാവന ചെയ്തത്.
ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ പവൻ കപൂർ കേരള സോഷ്യൽ സെന്റർ ജനറൽ സെക്രെട്ടറി ബിജിത് കുമാറിന് പുസ്തകങ്ങൾ കൈമാറി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രെട്ടറി പൂജ വെർണെക്കർ, കേരള സോഷ്യൽ സെന്റർ കലാവിഭാഗം സെക്രെട്ടറി ഹാരിസ് സി.എം.പി, കായികവിഭാഗം അസിസ്റ്റൻഡ് സെക്രെട്ടറി സതീഷ് കാട്ടിലകത്ത്, ട്രഷറർ നികേഷ് വലിയ വളപ്പിൽ , കലാവിഭാഗം അസിസ്റ്റൻഡ് സെക്രെട്ടറി അരുൺകൃഷ്ണൻ, ജോയിന്റ് സെക്രെട്ടറി നിർമൽ തോമസ് തുടങ്ങിയവർ സംബന്ധിച്ചു.
മലയാളത്തിലും ഇംഗ്ളീഷ് ഭാഷയിലുമായി 12500 ലധികം പുസ്തകങ്ങളാണ് ഇപ്പോൾ 47 വർഷം പിന്നിട്ട കേരള സോഷ്യൽ സെന്റർ ലൈബ്രറിയിൽ ഉള്ളത്. കുട്ടികളുടെയും മുതിർന്നവരുടെയും വായനാശീലം വർധിപ്പിക്കുന്നതിന് വിവിധ പദ്ധതികൾ സെന്റർ ലൈബ്രറിയിൽ നടപ്പിലാക്കിയിട്ടുണ്ട് . വായനമരം, പുസ്തകച്ചങ്ങാത്തം, റീഡർ ഓഫ് ദി ഇയർ പുരസ്കാരം എന്നിവ ഇതിൽ ചിലതാണ്.