അഗര്‍ത്തല: മിസോറമില്‍ നിന്ന് അനധികൃതമായി കുടിയേറിയ ബ്രൂ ഗോത്രസമൂഹങ്ങള്ക്കുള്ള സൗജന്യ റേഷന്‍ വിതരണം ത്രിപുര സര്‍ക്കാര്‍ തുടരും.മാര്‍ച്ച് മാസംവരെയാണ് റേഷന്‍ സൗജന്യം തുടരാന്‍ തീരുമാനിച്ചിട്ടുള്ളത്. രാജ്യത്തെ അനധികൃത കുടിയേറ്റം തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ എടുത്ത കര്‍ശന നിലപാടനുസരിച്ചാണ് കഴിഞ്ഞ ഒക്ടോബര്‍ ഒന്നു മുതല്‍ നിയന്ത്രണങ്ങള്‍ തീരുമാനിച്ചത്.
മിസോറമില്‍ നിന്നാണ് ത്രിപുരയിലേക്ക് ബ്രൂ ഗോത്രസമൂഹ കുടിയേറ്റം നടന്നത്. സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയില്‍ ആറ് ക്യാമ്പുകളിലായാണ് കുടിയേറ്റക്കാര്‍ നിലവില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ കഴിയുന്നത്. സൗജന്യ റേഷനൊപ്പം സഹായധനവും 2020 മാര്‍ച്ച് ഒന്നു വരെ തുടരുമെന്ന് അഡീഷണല്‍ സെക്രട്ടറി ഡാര്ലോംങ്ങ് രേഖാമൂലം അറിയിച്ചു.
1997ലാണ് വന്‍ കുടിയേറ്റം നടന്നത്. മുപ്പത്തേഴായിരം ബ്രൂ ഗോത്രസമൂഹമാണ് മിസോറമിലെ വംശീയ കലാപത്തെ ഭയന്ന് ത്രിപുരയില്‍ അഭയം തേടിയത്. വിവിധ ഘട്ടങ്ങളിലെ തിരിച്ചയക്കല്‍ നടപടി തുടരുന്നതിനിടെയാണ് ഇടക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ത്രിപുര സര്‍ക്കാര്‍ മയപ്പെടുത്തിയത്. 4000 കുടുംബങ്ങളാണ് നിലവില്‍ ക്യാമ്പുകളിലുള്ളത്. ഇവരെ ത്രിപുരയില്‍ പുനരധിവസിപ്പിക്കുന്ന കാര്യത്തില്‍ ബിപ്ലവ് കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.