ശ്രീഹരിക്കോട്ട: ഇന്ത്യയുടെ പുതിയ നിരീക്ഷണ ഉപഗ്രഹം റിസാറ്റ് 2 ബിആര്‍ 1ന്റെ വിക്ഷേപണം വിജയകരം. റിസാറ്റ്-2 ബിആര്‍1ന് ഒപ്പം 9 വിദേശ ഉപഗ്രഹങ്ങളേയും വഹിച്ചാണ് പിഎസ്എല്‍വി ക്യുഎല് ബഹിരാകശത്തേക്ക് കുതിച്ചത്. പിഎസ്എല്‍വിയുടെ അന്‍പതാം വിക്ഷേപണമായിരുന്നു ഇത്. ഉച്ചകഴിഞ്ഞ് 3.25ന് ആയിരുന്നു വിക്ഷേപണം.
628 കിലോഗ്രാം ഭാരമുള്ള റഡാര്‍ ഇമേജിംഗ് എര്‍ത്ത് ഒബ്സര്‍വേഷന്‍ സാറ്റ്ലൈറ്റാണ് റിസാറ്റ്-2 ബിആര്‍1. ഇതിനൊപ്പം അമേരിക്കയുടെ അഞ്ച് കൃത്രിമ ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെ ഒന്‍പത് വിദേശ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തെത്തിയത്. അമേരിക്കക്ക് പുറമെ ഇസ്രായേല്‍, ഇറ്റലി, ജപ്പാന് എന്നീ രാജ്യങ്ങളുടെ ഓരോ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ശ്രീഹരിക്കോട്ടയില്‍ നിന്നുള്ള 75 -ാം വിക്ഷേപണമാണ് ഇന്ന് പൂര്‍ത്തിയായത്.
പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങളും അറബിക്കടലിലെ പാകിസ്ഥാന് യുദ്ധക്കപ്പലുകളുടെ നീക്കവും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ നീക്കങ്ങളും നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ട് ഇക്കഴിഞ്ഞ മെയ് 22ന് ഐഎസ്ആര്‍ഒ റിസാറ്റ് 2-ബി വിജയകരമായി വിക്ഷേപിച്ചിരുന്നു.