UAENews

ദുബായ് : ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഡിസംബർ 26 ന് തുടക്കമാകും. ഡി എസ് എഫ് ന്റെ 25 ആം പതിപ്പിൽ കാത്തുവെച്ചിരിക്കുന്നത് ഒട്ടേറെ ആകർഷണങ്ങൾ. ഉദ്ഘാടനത്തോടനുബന്ധിച്ച് 12 മണിക്കൂര്‍ ഫ്‌ളാഷ് വില്‍പനയും നടക്കും.

2019 ഡിസംബര്‍ 26 ന് ആരംഭിച്ച് 2020 ഫെബ്രുവരി 1 വരെ നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ. ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്‍റ് (ഡി.എഫ്.ആര്‍.ഇ) ആണ് ഷോപ്പിംഗ് ഉത്സവത്തിന്റെ സംഘാടകര്‍. ആകർഷകങ്ങളായ വൻ ഓഫറുകളും, സമ്മാനപദ്ധതികളുമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.  ഇരുപത്തിയഞ്ചാം പതിപ്പ് എല്ലാ അർത്ഥത്തിലും മികവുറ്റതാക്കാനുള്ള ഒരുക്കങ്ങളിലാണ് സംഘാടകർ . പ്രശസ്തമായ ദുബായ് ഫ്രെയിമില്‍ നടന്ന ചടങ്ങില്‍ ഷോപ്പിംഗ് ഫെസ്റ്റിവൽ കലണ്ടർ അവതരിപ്പിച്ചു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1996 ലാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമിട്ടത്.

38 ദിവസം നീളുന്നതാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആഘോഷം. ലോകപ്രശസ്തരായ കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും വമ്പിച്ച ആദായ വില്‍പനകളും കരിമരുന്ന് കലാ പ്രകടനവുമൊക്കെ ഇത്തവണ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകും. ഉപഭോക്താക്കൾക്ക് ഏറെ പ്രിയപ്പെട്ട 12 മണിക്കൂര്‍ നീളുന്ന ഫ്‌ളാഷ് വില്‍പനയും ഉണ്ടാകും. മാള്‍ ഓഫ് എമിറേറ്റ്‌സ്, സിറ്റി സെന്‍റര്‍ മിര്‍ദിഫ്, സിറ്റി സെന്‍റര്‍ ദെയ്റ, സിറ്റി സെന്‍റര്‍ മെയ്സെം, മൈ സിറ്റി സെന്‍റര്‍ ബര്‍ഷ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് 90 ശതമാനം വരെ വിലക്കിഴിവും, മറ്റ് ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

നഗരത്തിലെ റീട്ടെയിൽ, ബ്രാൻഡഡ് ഷോറൂമുകളും, സ്വർണാഭരണ ശാലകളുമൊക്കെ ഡി എസ് എഫ് ന്റെ ഭാഗമായി സമ്മാനപദ്ധതികളും, ഓഫറുകളും പ്രഖ്യാപിക്കും. ദിവസേനയുള്ള നറുക്കെടുപ്പുകൾ മുതൽ മെഗാ നറുക്കെടുപ്പുകളും ഉണ്ടാകും. ഡി എസ് എഫിന് തുടക്കമാകുന്നതോടെ സഞ്ചാരികളുടെ ഇഷ്ട ഇടമായ ദുബായ് ഗ്ലോബൽ വില്ലേജിലും തിരക്കേറും. ദുബായിലെ മറ്റ് വിനോദ സഞ്ചാര ഇടങ്ങളിലും രാവേറെ നീളുന്ന ആഘോഷ പരിപാടികളും നടക്കും. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഇരുപത്തഞ്ചാം പതിപ്പിനെ അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

1 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close